അഴിമതിക്കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് മൂന്നു വർഷം തടവു ശിക്ഷ. പ്രധാനമന്ത്രിയായിരുന്ന കാലത്ത് രാജ്യത്തിനു ലഭിച്ച പാരിതോഷികങ്ങൾ വിറ്റെന്ന കേസിലാണ് (തോഷഖാന കേസ്) കോടതി വിധി.ഭരണാധികാരികൾക്കും സർക്കാർ ഉദ്യോഗസ്ഥർക്കും ലഭിക്കുന്ന പാരിതോഷികങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള വകുപ്പാണ് തോഷഖാന.
തടവു ശിക്ഷയ്ക്കു പുറമേ ഇമ്രാൻ ഒരു ലക്ഷം രൂപ പിഴ ഒടുക്കണമെന്നും അഡീഷനൽ ജഡ്ജി ഹൂമയൂൺ ദിലാവാർ വിധിച്ചു. പിഴ ഒടുക്കിയില്ലെങ്കിൽ ആറു മാസം കൂടി ജയിൽ ശിക്ഷ അനുഭവിക്കണം. ഇതോടെ ഇമ്രാന് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് അഞ്ചു വർഷത്തേക്കു വിലക്കു വരും.
പാകിസ്ഥാൻ ഇലക്ഷൻ കമ്മിഷൻ നൽകിയ ഹർജിയിലാണ് കോടതി വിധി. നേരത്തെ ഇതേ വിഷയം ചൂണ്ടിക്കാട്ടി ഇലക്ഷൻ കമ്മിഷൻ ഇമ്രാന് അയോഗ്യത ഏർപ്പെടുത്തിയിരുന്നു. സത്യവാങ്മൂലത്തിൽ തെറ്റായ വിവരങ്ങൾ നൽകിയെന്നായിരുന്നു തെരഞ്ഞെടുപ്പു കമ്മിഷന്റെ കണ്ടെത്തൽ.