വ്യാജ പാസ്പോർട്ടുമായി വിമാനത്താവളങ്ങളിൽ എത്തുന്നവരുടെ എണ്ണം വർധിക്കുന്നു. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഈ വർഷം വ്യാജ പാസ്പോർട്ടുമായി പിടിയിലായത് 366 യാത്രക്കാരാണ്. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആന്റ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) അധികൃതരാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ജിഡിആർഎഫ്എയുടെ കണക്കനുസരിച്ച് കഴിഞ്ഞ വർഷം ഇതേ കാലയളവിൽ വ്യാജ പാസ്പോർട്ടുമായി പിടിയിലായത് 355 പേരായിരുന്നു. ഇതിലാണ് ഇപ്പോൾ നേരിയ വർദ്ധനവുണ്ടായിരിക്കുന്നത്. കഴിഞ്ഞ വർഷം 16,127 രേഖകൾ പരിശോധിച്ചതിൽ 1,232 എണ്ണം വ്യാജമാണെന്ന് കണ്ടെത്തി. അതുപോലെ, ഓരോ കേസിൻ്റെയും പ്രത്യേകതകൾ അടിസ്ഥാനമാക്കി 443 കേസുകൾ തുടർനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യുകയും ചെയ്തു.
അനധികൃത പാസ്പോർട്ടുമായി ദുബായിലേയ്ക്ക് കടക്കാൻ ശ്രമിക്കുന്നവരെ പിടികൂടാൻ നൂതന സംവിധാനങ്ങൾ ഉൾപ്പെടെ തയ്യാറാക്കിയിട്ടുണ്ട്. അതിനാൽ ഇത്തരത്തിൽ പാസ്പോർട്ടുകളിൽ കൃത്രിമം നടത്തുന്നവരെ അതിവേഗം പിടികൂടാൻ സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.