നാളെയുടെ ലോകത്തെ നയിക്കാൻ കഴിയുന്ന ആശയങ്ങൾ സ്വരൂപിക്കുകയെന്ന ലക്ഷ്യത്തോടെ ദുബായില്‍ സംഘടിപ്പിച്ച ആഗോള സർക്കാർ സംഗമം പുരോഗമിക്കുന്നു. വിവിധ രാജ്യങ്ങളിലെ രാഷ്ട്രനേതാക്കളും വിദഗ്ദ്ധരും വിദ്യാര്‍ത്ഥികളുമാണ് സംഗമത്തില്‍ പങ്കെടുക്കുന്നത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തുമും കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തുമും ആഗോള സംഗമ വേദി സന്ദർശിച്ചു.
ലോകത്തെ മുന്നോട്ടുനയിക്കുന്ന ആശയങ്ങളാണ് ആദ്യ ദിനം ഉണ്ടായത്.
പഠിക്കാനും ജോലി കണ്ടെത്താനും ജീവിതം സുരക്ഷിതമാക്കാൻ സഹായിക്കുന്ന ബോഗോട്ടാ ക്ഷേമ പദ്ധതിയാണ് കൊളംബിയ സര്‍ക്കാറിന്‍റെ നിര്‍ദ്ദേശം. നെതര്‍ലണ്ട് മുന്നോട്ടുവച്ച ചെടികളുടേയും മരങ്ങളുടേയും ഡിഎന്‍എകളില്‍ വിവരങ്ങൾ ശേഖരിക്കുകയും സൂക്ഷിക്കുകയും ചെയ്യാനാകുന്ന ഹരിത ക്ലൗഡ് സാങ്കേതിക വിദ്യയും ശ്രദ്ധേയമായി. ഫ്രീ ടൗൺ ദ് ട്രീ ടൗൺ എന്ന പേരില്‍ കാലാവസ്ഥ വ്യതിയാനങ്ങളെ ചെറുക്കാനുള്ള ജനകീയ മുന്നേറ്റ പദ്ധതിയാണ് സിയേറ ലിയോണി ആവിഷ്കരിച്ചത്.
കാലാവസ്ഥ ഭീഷണികളെ ചെറുക്കാൻ ദേശവും മതവും വംശവും രാജ്യാതിർത്തികളും മറന്നു ലോകം ഒന്നിക്കണമെന്ന ആശയം യുഎഇ മുന്നോട്ടുവച്ചു. വെള്ളപ്പൊക്കവും അതിശൈത്യവും കൊടും വരൾച്ചയും ഭൂമി കുലുക്കവും പോലെയുളള പ്രകൃതി ദുരന്തങ്ങൾ അതിജീവിക്കേണ്ടതുണ്ടെന്നും യുഎഇ ഓര്‍മ്മപ്പെടുത്തി.
അതേസമയം ഹൈഡ്രജനിൽ ഓടുന്ന വാഹനങ്ങൾ പ്രോത്സാഹിപ്പിക്കാന്‍ ഒരുങ്ങുകയാണെന്ന് ആഗോള സർക്കാർ ഉച്ചകോടില്‍ ദുബായ് പ്രഖ്യാപിച്ചു. ഇതിന്‍റെ ഭാഗമായി ഹൈഡ്രജൻ നിറയ്ക്കുന്ന സ്റ്റേഷനുകളുടെ സാധ്യതാ പഠനത്തിന് ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയും എമിറേറ്റ്സ് നാഷനൽ ഓയിൽ കമ്പനിയും ധാരണാപത്രവും ഒപ്പുവച്ചു. പരമ്പരാഗത ഊർജ സ്രോതസ്സുകൾ ഒഴിവാക്കി പുതിയ ഇന്ധനം സ്വീകരിക്കാനുളള ലോക നീക്കത്തിന് ചുക്കാന്‍ പിടിക്കുകയാണ് ദുബായ്.