ദുബായ് ടാക്സിയുടെ ഷെയറുകൾ ഓഹരി വിപണിയിലേക്ക് മാറ്റാൻ ഉത്തരവ്. ഷെയറുകൾ പൊതുജനങ്ങൾക്ക് വിറ്റഴിക്കുന്നതിനായി ദുബായ് ടാക്സി കമ്പനിയെ പബ്ലിക് ജോയിന്റ് സ്റ്റോക് കമ്പനിയാക്കിമാറ്റാനാണ് തീരുമാനം. ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ഇത് സംബന്ധിച്ച ഉത്തരവിട്ടത്.
അബ്ദുൽ മൊഹ്സിൻ ഇബ്രാഹിം യൂനിസ് അധ്യക്ഷനായ ദുബായ് ടാക്സി കമ്പനിയുടെ ഡയറക്ടർ ബോർഡ് രൂപീകരിച്ച് ഷെയ്ഖ് ഹംദാനാണ് എക്സിക്യൂട്ടീവ് കൗൺസിൽ പ്രമേയം പുറത്തിറക്കിയത്. അഹമ്മദ് അലി അൽ കാബിയാണ് ബോർഡിന്റെ വൈസ് ചെയർമാൻ. പുതിയ തീരുമാനമനുസരിച്ച് കമ്പനിയുടെ ഘടനയിലും നിയമങ്ങളിലും മാറ്റമുണ്ടാകുമെന്നാണ് വിലയിരുത്തൽ.
ദുബായിലെ സാലിക്, ദീവ എന്നിവയുടെ ഷെയറുകൾ കഴിഞ്ഞ വർഷങ്ങളിൽ ഇത്തരത്തിൽ ഓഹരി വിപണിയിൽ പൊതുജനങ്ങൾക്ക് വിറ്റഴിച്ചിരുന്നു. ഇപ്പോൾ ദുബായ് ടാക്സിയുടെ ഷെയറുകളും ഓഹരി വിപണിയിലേക്ക് എത്തുന്നതോടെ വലിയ പ്രതീക്ഷയിലാണ് നിക്ഷേപകർ.