201 പ്രവാസികൾക്ക് ഒമാൻ പൗരത്വം അനുവദിച്ചു. സുൽത്താൻ ഹൈതം ബിൻ താരികാണ് ഇത് സംബന്ധിച്ച രാജകീയ ഉത്തരവിട്ടത്. ഒമാൻ പൗരത്വം ലഭിച്ചവരുടെ കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. ഇതിനിടെ വിദേശികൾക്ക് പൗരത്വം ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ഒമാൻ പരിഷ്കരിക്കുകയും ചെയ്തിരുന്നു.
600 റിയാലാണ് പൗരത്വത്തിന് അപേക്ഷ സമർപ്പിക്കുന്നതിനുള്ള നിരക്ക്. സ്വദേശികളുടെ ഭാര്യക്കോ മുൻ ഭാര്യയ്ക്കോ കുട്ടികൾക്കോ ഒമാനി പൗരത്വം ലഭിക്കുന്നതിന് 300 റിയാൽ മാത്രമാണ് നിരക്ക്. അപേക്ഷ സമർപ്പിക്കുന്നവർ ഒമാനിൽ ജോലിചെയ്യുന്നതായി തെളിയിക്കുന്ന രേഖകളും മെഡിക്കൽ റിപ്പോർട്ടും അപേക്ഷകനെതിരെ ഇതുവരെ നിയമ നടപടികൾ ഉണ്ടായിട്ടില്ലെന്ന് തെളിയിക്കുന്ന രേഖകളും അപേക്ഷയോടൊപ്പം ഹാജരാക്കണം.
ഒമാൻ പൗരത്വത്തിനായി അപേക്ഷ സമർപ്പിക്കുന്നവർ അറബിക് ഭാഷയുടെ എഴുത്ത് പരീക്ഷയിലും വിജയിച്ചിരിക്കണം. ഒരു പരീക്ഷയിൽ പരാജയപ്പെട്ടാൽ ആറ് മാസത്തിന് ശേഷം വീണ്ടും പരീക്ഷ എഴുതാൻ സാധിക്കും. ഇത്തരത്തിൽ നാല് തവണ വരെ പരീക്ഷ എഴുതാം. പൗരത്വം ലഭിക്കുന്ന വിദേശികൾക്ക് ആറ് മാസത്തിൽ കൂടുതൽ രാജ്യത്തിന് പുറത്ത് തുടർച്ചയായി കഴിയാൻ സാധിക്കില്ല. അത്യാവശ്യ സാഹചര്യങ്ങളിൽ മന്ത്രാലയത്തിൻ്റെ പ്രത്യേക അനുമതി ആവശ്യമാണെന്നും അധികൃതർ വ്യക്തമാക്കി.