കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് പരാജയം നേരിട്ടപ്പോൾ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് തന്റെ മനസ്സിൽ ഉണ്ടായിരുന്നത് രമേശ് ചെന്നിത്തലയും മന്ത്രിയായി വിഡി സതീശനുമായിരുന്നു എന്ന് വെളിപ്പെടുത്തി ഉമ്മൻ ചാണ്ടിയുടെ ആത്മകഥ. എന്നാൽ പ്രതിപക്ഷ നേതൃ സ്ഥാനം നിശ്ചയിക്കുന്നതിൽ തിരുവഞ്ചൂർ രാധാകൃഷ്ണനും പി.ടി.തോമസിനും ഇക്കാര്യത്തിൽ ഭിന്നാഭിപ്രായമായിരുന്നു ഉണ്ടായിരുന്നത്. അതേസമയം ഹൈക്കമാൻഡിന് ആരുടെയും കാര്യത്തിൽ പ്രത്യേക താൽപര്യമില്ലെന്നു കെ.സി.വേണുഗോപാലും മല്ലികാർജുൻ ഖർഗെയും അറിയിച്ചതിന് ശേഷമായിരുന്നു രമേശിനൊപ്പം നിൽക്കാൻ താനും കൂടെയുള്ളവരും തീരുമാനിച്ചത് എന്നും ആത്മകഥയിൽ പറയുന്നു.
ഇന്ദിരാഭവനിൽ കോൺഗ്രസ് എംഎൽഎമാരുമായി ഖർഗെ നടത്തിയ കൂടിക്കാഴ്ചയിൽ ഭൂരിപക്ഷം പേരും പിന്തുണ നൽകിയത് രമേശിന് ആയിരുന്നു. എന്നാൽ, ഹൈക്കമാൻഡിന്റെ മനോഗതം വേറെയായിരുന്നുവെന്നും അതനുസരിച്ചു വി.ഡി.സതീശനു നറുക്കുവീണെന്നും ആത്മകഥയിൽ ഉമ്മൻ ചാണ്ടി വ്യക്തമാക്കിയിട്ടുണ്ട്.
മാത്രമല്ല, തന്റെ നേതൃത്വത്തിലുള്ള രണ്ടാം സർക്കാരിൽ വി.ഡി.സതീശനെ മന്ത്രിയാക്കാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ സി.എൻ.ബാലകൃഷ്ണനുവേണ്ടി രമേശ് ചെന്നിത്തല ഇടപെട്ടതിനാൽ അവസാന നിമിഷം സതീശന്റെ മന്ത്രിസ്ഥാനം തട്ടിപ്പോയി എന്നുമുള്ള വെളിപ്പെടുത്തലും ആത്മകഥയിലുണ്ട്. ‘കാലം സാക്ഷി’ എന്ന പേരിൽ മാധ്യമപ്രവർത്തകൻ സണ്ണിക്കുട്ടി ഏബ്രഹാം ആണ് ആത്മകഥ തയ്യാറാക്കിയിരിക്കുന്നത്.