ഭയവും വെറുപ്പും പ്രചരിപ്പിക്കാൻ തീവ്രവാദികൾ ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ ദുരപയോഗിക്കുന്നതായി വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. യുഎഇ ഫ്യൂച്ചര്‍ മ്യൂസിയത്തില്‍ സംഘടിപ്പിച്ച അൽ അമീൻ ഫോറത്തിലാണ് സൈബര്‍ വിദഗ്ദ്ധര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
വെറുപ്പ് പ്രചരിപ്പിക്കാന്‍ പുതിയ രീതി
തീവ്രവാദ ആശയങ്ങൾ പ്രചരിപ്പിക്കാന്‍ മുമ്പ് സോഷ്യല്‍ മീഡിയ ഉപയോഗിച്ചിരുന്നവര്‍ ഇന്ന് ഓണ്‍ലൈന്‍ ഗെയിം പ്ലാറ്റ് ഫോമുകളെ ആശ്രയിക്കുന്നതായാണ് വിലയിരുത്തല്‍. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഓൺലൈൻ ഭീഷണിയെക്കുറിച്ച് 26 പരാതികളും ഓൺലൈൻ ഗെയിമുകൾ കളിക്കുന്ന കുട്ടികളെ ലക്ഷ്യമിട്ടുള്ള തട്ടിപ്പുകളെക്കുറിച്ച് 21 റിപ്പോർട്ടുകളും ദുബായ് പോലീസിന് ലഭിച്ചെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
കുട്ടികളുടെ ഗെയിം നിരീക്ഷിക്കണം
കുട്ടികളുടെ ഗെയിം ഉൾപ്പടെ നിരീക്ഷണ വിധേയമാക്കണമെന്ന് ദുബായ് പോലീസിന്റെ സൈബർ ക്രൈം ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ കേണൽ സയീദ് അൽ ഹജ്‌രി വ്യക്തമാക്കി. ഓണ്‍ലൈന്‍ വഴി യുവാക്കളും അപകടങ്ങളില്‍പ്പെടുന്നുണ്ട്. തീവ്രവാദ ഗ്രൂപ്പുകൾ ജനപ്രിയ ഓണ്‍ലൈന്‍ ഗെയിം പ്ളാറ്റുഫോമുകൾ പുനര്‍നിര്‍മ്മിച്ച് ആശയങ്ങൾ പ്രചരിപ്പിച്ചതിന്‍റെ ഉദാഹരങ്ങൾ ദുബായ് ഫ്യൂച്ചർ ഫൗണ്ടേഷന്റെ ഗ്ലോബൽ അഫയേഴ്‌സ് ചീഫ് ഡോ. നോഹ് റഫോർഡും ചൂണ്ടിക്കാട്ടി.
അപകട മുനമ്പ്
ഓൺലൈൻ ഗെയിമുകൾ കളിക്കുന്ന കുട്ടികൾക്ക് കൗമാര പ്രായക്കാരായി വേഷമിടുന്ന മറ്റുള്ളവരുമായി പലപ്പോഴും സംഭാഷണങ്ങൾ ആരംഭിക്കാൻ കഴിയുമെന്നും ഇത് അപകടങ്ങളിലേക്ക് വഴിതുറക്കുമെന്നുമാണ് മുന്നറിയിപ്പ്. 2019-ൽ ന്യൂസിലാന്റിലെ ക്രൈസ്റ്റ് ചർച്ചിലെ മോസ്‌ക് വെടിവെപ്പ് സൈബര്‍ ഇടപെടലിന്റെ പശ്ചാത്തലത്തില്‍ ഉണ്ടായതാണെന്നനും വിദഗ്ദ്ധര്‍ സൂചിപ്പിച്ചു.
ദീർഘനേരം ഓണ്‍ലൈന്‍ ഗെയിമിന്‍റെ ഭാഗമാകുന്നത് കുട്ടികളില്‍ ഉത്കണ്ഠ, വിഷാദം തുടങ്ങിയ വൈകാരികവും മാനസികവുമായ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും വിദഗ്ദ്ധര്‍ വ്യക്തമാക്കി.