ഒരു കോടി യാത്രക്കാർ എന്ന ചരിത്ര നേട്ടവുമായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം. വർഷം അവസാനിക്കാൻ 11 ദിവസം ബാക്കി നിൽക്കെയാണ് ഒരു കോടി യാത്രക്കാരെന്ന ചരിത്രനേട്ടം സിയാൽ സ്വന്തമാക്കിയത്. വ്യാഴാഴ്ച വൈകീട്ട് ബാംഗ്ലൂരിലേക്കുള്ള ഇൻഡിഗോ വിമാനത്തിൽ 173 പേർ യാത്ര ചെയ്തതോടെയാണ് സിയാൽ റെക്കോർഡിട്ടത്.
ഒരു കോടി യാത്രക്കാരുടെ എണ്ണം തൊട്ട ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരിയായ അഞ്ചു വയസുകാരി ലയ റിനോഷിന് സിയാലിൻറെ പ്രത്യേക ഉപഹാരം സമ്മാനിച്ചു. യാത്രക്കാർക്കുള്ള നന്ദി സൂചകമായി സിയാൽ ഒരുക്കിയ പ്രത്യേക ചടങ്ങിൽ സിയാൽ മാനേജിങ് ഡയറക്ടർ എസ്.സുഹാസ് ഐ.എ.എസ് ലയക്ക് പ്രത്യേക ഉപഹാരം നൽകി. ദക്ഷിണേന്ത്യയിൽ പ്രതിവർഷം ഒരു കോടി യാത്രക്കാർ ഉപയോഗിക്കുന്ന നാലാമത്തെ വിമാനത്താവളമെന്ന നേട്ടവും സിയാൽ സ്വന്തമാക്കി.
സംസ്ഥാനത്തെ മൊത്തം വിമാന യാത്രക്കാരിൽ 63 ശതമാനവും സിയാലിലൂടെയാണ് യാത്ര ചെയ്യുന്നത്. കഴിഞ്ഞ വർഷത്തെക്കൾ 20 ലക്ഷം പേരാണ് ഈ വർഷം സിയാലിലൂടെ യാത്ര ചെയ്തത്. മുൻവർഷത്തെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തിൽ 20 ലക്ഷത്തിലധികം പേരുടെ വർധനവാണ് സിയാൽ രേഖപ്പെടുത്തിയിട്ടുള്ളത്.ഈ വർഷം ഇതുവരെ സിയാലിലൂടെ പറന്ന ഒരുകോടി യാത്രക്കാരിൽ 54.04 ലക്ഷം രാജ്യാന്തര യാത്രക്കാരും 46.01 ലക്ഷം പേർ അഭ്യന്തര യാത്രക്കാരുമാണ്. മൊത്തം 66,540 വിമാനങ്ങൾ ഇക്കാലയളവിൽ സർവീസ് നടത്തി.