ബലിപെരുന്നാളിന് നാടും നഗരവും ഒരുങ്ങിയിരിക്കെ ആഘോഷങ്ങൾ എല്ലാ മേഖലയിലേക്കും വ്യാപിപ്പിക്കാൻ ജീവനക്കാർക്ക് ശമ്പളം നേരത്തെ നൽകാൻ ഉത്തരവിട്ട് ഒമാൻ. സ്വകാര്യമേഖലയിലെ ജീവനക്കാർക്ക് ജൂൺ 25ന് മുമ്പായി ശമ്പളം വിതരണം ചെയ്യണമെന്നാണ് നിർദേശം. തൊഴിൽ നിയമത്തിലെ വ്യവസ്ഥകൾക്ക് വിധേയമായാണ് ഈ നിർദ്ദേശം.
ശമ്പളം വൈകുന്നതിന്റെ പേരിൽ ആരും ബലിപെരുന്നാൾ ആഘോഷങ്ങളിൽ നിന്നും മാറി നിൽക്കരുത് എന്ന തീരുമാനമാണ് നടപടിക്ക് പിന്നിൽ. വാരാന്ത്യ അവധി ദിനങ്ങൾ ഉൾപ്പെടെ ജൂൺ 27 മുതൽ ജൂലൈ ഒന്ന് വരെയാണ് ഒമാനിൽ ബലിപെരുന്നാൾ പൊതുഅവധി നൽകിയിരിക്കുന്നത്. അധികൃതരുടെ ഈ നടപടി ഒമാനിലെ തൊഴിലാളികൾക്ക് സന്തോഷം പകരുന്നതാണ്.