ഒമാനിലെ ടൂറിസ്റ്റ് സ്ഥലങ്ങളിലേക്ക് റോഡ് മാർഗം എത്തുന്ന വിനോദ സഞ്ചാരികൾ രാജ്യത്തെ റോഡ് നിയമങ്ങളും ട്രാഫിക് നിയമങ്ങളും നിയന്ത്രണങ്ങളും വേഗപരിധിയും പാലിക്കണമെന്ന് റോയൽ ഒമാൻ പൊലീസ് മുന്നറിയിപ്പ് നൽകി. ഖരീഫ് സീസണിന്റെ ഭാഗമായി വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് നിരവധി ആളുകളാണ് ഒമാനിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ജിസിസി രാജ്യങ്ങളിൽ നിന്നാണ് കൂടുതൽ ആളുകൾ എത്തുന്നത്. ഇവരിൽ ഭൂരിഭാഗം പേരും റോഡ് മാർഗമാണ് ദോഫാറിലേക്ക് എത്തുന്നത്. അതുകൊണ്ടുതന്നെ രാജ്യത്തിന്റെ അതിർത്തി ചെക്ക്പോസ്റ്റുകളിൽ വൻ തിരക്കാണ് കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ടത്.
അതേസമയം വിവിധ അതിർത്തി ചെക്ക്പോസ്റ്റുകളിലൂടെ വിനോദ സഞ്ചാരികളുടെ യാത്ര സുഗമമാക്കുന്നതിനും പാസ്പോർട്ട്, വിസ, കസ്റ്റംസ് നടപടിക്രമങ്ങൾ ലളിതമാക്കുന്നതിനും റോയൽ ഒമാൻ പൊലീസ് എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് ബുറൈമി ഗവർണറേറ്റ് പൊലീസ് കമാൻഡിലെ പാസ്പോർട്ട് ആൻഡ് സിവിൽ സ്റ്റാറ്റസ് ഡയറക്ടർ ലെഫ്റ്റനന്റ് കേണൽ ബദർ ബിൻ സെയ്ഫ് അൽ യാറൂബി അറിയിച്ചു. കൂടാതെ സഞ്ചാരികൾ ഉന്നയിക്കുന്ന അന്വേഷണങ്ങൾക്ക് കൃത്യമായ മറുപടിയും ഉപദേശങ്ങളും മാർഗനിർദേശങ്ങളും നൽകുകയും ചെയ്യുന്നുണ്ട്. റോഡ് മാർഗം വരുന്നവർ ട്രാഫിക് നിയമങ്ങൾ പാലിക്കണം. ടയറുകൾ ഉൾപ്പെടെയുള്ള വാഹനസുരക്ഷ ഉറപ്പാക്കുകയും വേഗപരിധി പാലിക്കുകയും ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു.
ജിസിസി രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് ഗാർഹിക തൊഴിലാളികൾ, സ്വകാര്യ പാചകക്കാർ,ഡ്രൈവർമാർ ഇവരെ കൂടെ കൂട്ടാനുള്ള അനുമതിയുണ്ട്. ഇവർക്ക് പ്രീ-ഇ-വിസ വഴിയോ അല്ലെങ്കിൽ അതിർത്തിയിൽ എത്തുമ്പോഴോ വിസ എടുക്കാം. കൂടാതെ ജിസിസി രാജ്യങ്ങളിലെ താമസക്കാർക്കും വിവിധ അതിർത്തികൾ വഴി ടൂറിസ്റ്റ് വിസയിൽ ഒമാനിലേക്ക് പ്രവേശിക്കാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സന്ദർശകർക്ക് സഹായം നൽകുന്നതിന് റോയൽ ഒമാൻ പൊലീസ് സജ്ജമാണ്. അടിയന്തര ആവശ്യങ്ങൾക്കും സഹായങ്ങൾക്കും 9999 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്നും അധികൃതർ അറിയിച്ചു.