ആഗോളതലത്തില്‍ കൂടുതല്‍ ശമ്പളം ലഭിക്കുന്ന രാജ്യങ്ങളില്‍ ഒമാന്‍ 27ാം സ്ഥാനത്ത്. ഒമാനില്‍ തൊഴിലാളികള്‍ക്ക് ലഭിക്കുന്നത് മേഖലയിലെ തന്നെ ഏറ്റവും ഉയര്‍ന്ന ശമ്പള പാക്കേജുകളാണ് എന്നാണ് റിപ്പോര്‍ട്ട്. അറബ് മേഖലയില്‍ അഞ്ചാം സ്ഥാനവും ഒമാനുണ്ട്. നുംബ്യോ എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം ആണ് ശമ്പള സൂചിക തയാറാക്കിയിരിക്കുന്നത്.
വിവിധ രാജ്യങ്ങളിലെ ശരാശരി പ്രതിമാസ വേതനമാണ് റിപ്പോര്‍ട്ട് താരതമ്യം ചെയ്യുന്നത്. നികുതിയ്ക്ക് ശേഷം രാജ്യത്തെ ശരാശരി പ്രതിമാസ ശമ്പളം 2,205.82 ഡോളറാണ്. അതേസമയം പട്ടികയില്‍ മുന്നില്‍ നിൽക്കുന്നത് സ്വിറ്റ്സര്‍ലന്‍ഡ് ആണ്. ലക്സംബർഗ് രണ്ടാം സ്ഥാനത്തും സിംഗപ്പൂർ മൂന്നാം സ്ഥാനത്തുമാണുള്ളത്. ഗള്‍ഫ് രാജ്യമായ ഖത്തര്‍ ആണ് നാലാം സ്ഥാനത്ത്. കൂടാതെ 12 അറബ് രാജ്യങ്ങൾ പട്ടികയിൽ ആദ്യ നൂറിലുണ്ട്. 4135.60 ഡോളര്‍ ആണ് ഖത്തറിലെ ശരാശരി പ്രതിമാസ വേതനം. അതേസമയം 3,617.57 ഡോളറുമായി യുഎഇ അഞ്ചാം സ്ഥാനത്തും 2,648.49 ഡോളറുമായി കുവൈറ്റ് 21ാം സ്ഥാനത്തുമാണുള്ളത്. 2036.49 ഡോളല്‍ നല്കുന്ന സൗദി 29ാം സ്ഥാനത്താണുള്ളത്.
സുല്‍ത്താനേറ്റ് ഓഫ് ഒമാനിന്റെ സാമ്പത്തിക വളര്‍ച്ചയുടെ ശക്തിയും തൊഴിലാളികള്‍ക്ക് നല്ല വേതന പാക്കേജ് നല്‍കാനുള്ള പ്രതിജ്ഞാ ബദ്ധതയുമാണ് ഒമാന്റെ ഉയര്‍ന്ന സ്ഥാനം പ്രതിഫലിപ്പിക്കുന്നത്. കൂടാതെ പൗരന്മാര്ക്കും പ്രവാസികള്‍ക്കും ഒരുപോലെ അനുകൂല തൊഴില്‍ സാഹചര്യം ഉറപ്പുവരുത്തുന്നതിന്റെയും പ്രതിഫലനമാണ് റാങ്കിങ്ങിലെ ഒമാന്റെ നേട്ടം. തൊഴില്‍ നിയമങ്ങളില്‍ ഒമാന്‍ വരുത്തിയ പരിഷ്കാരങ്ങള്‍ അനുകൂല വ്യവസായ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനും നേരിട്ടുള്ള വിദേശ നിക്ഷേപം കൂടുതലായി ആകര്‍ഷിക്കാനും കാരണമായിട്ടുണ്ട്.