ഒമാനിൽ വിദേശ നിക്ഷേപകരുടെ വാണിജ്യ റജിസ്ട്രേഷന് നിരക്ക് കുറയ്ക്കാന്‍ തീരുമാനം. ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരികിൻ്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിൻ്റേതാണ് തീരുമാനം.ബൈത്ത് അല്‍ ബറക കൊട്ടാരത്തിലായിരുന്നു മന്ത്രിസഭാ യോഗം.
വാണിജ്യ റജിസ്ട്രേഷന് നിരക്ക് പരിഷ്കരണം പ്രാബല്യത്തില്‍ വരുന്നതോടെ വിദേശ നിക്ഷേപകരും ഒമാനി നിക്ഷേപരെ പോലെ പരിഗണിക്കപ്പെടും. ബന്ധപ്പെട്ട അധികാരികള്‍ നിശ്ചയിക്കുന്ന നിയന്ത്രണങ്ങള്‍ക്കനുസൃതമായിരിക്കും ഫീസ് കുറയ്ക്കുക. ഇത് വഴി ഇറക്കുമതി കുറയ്ക്കാനും കയറ്റുമതി വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്താനും മന്ത്രി സഭ യോഗം തീരുമാനിച്ചു.
വിഷന്‍ 2040 പ്രവര്‍ത്തനങ്ങളെ വിലിയിരുത്തിയാണ് പ്രധാനമായും യോഗം ചേർന്നത്. എല്ലാ വര്‍ഷവും ഫെബ്രുവരി 24 ഒമാന്‍ അധ്യാപക ദിനമായി ആചരിക്കാനും മന്ത്രി സഭായോഗം തീരുമാനിച്ചു. വിദ്യാഭ്യാസ മേഖലയില്‍ പുരോഗതിയും വികസനവും ആവശ്യമാണെന്നും സുല്‍ത്താന്‍ നിര്‍ദ്ദേശിച്ചു.
ഇതിനായി തൊഴിൽ-സാങ്കേതിക വിദ്യാഭ്യാസ രീതി നടപ്പാക്കണം. 11, 13 ക്ലാസുകളിലെ കുട്ടികളെ തൊഴില്‍-സാങ്കേതിക വിദ്യഭ്യാസ രീതികളിലേക്ക് വഴി തിരിക്കണം. എന്‍ജിനീയറിങ്, വ്യവസായ വൈദഗ്ധ്യം തുടങ്ങിയവ ഉള്‍പ്പെടുത്തി അടുത്ത വര്‍ഷം മുതല്‍ വിദ്യാഭ്യാസ പദ്ധതിയില്‍ മാറ്റം വരുത്തണമെന്നും സുല്‍ത്താന്‍ പറഞ്ഞു.
അധ്യാപക ദിനത്തില്‍ രാജ്യത്തെ സര്‍ക്കാര്‍ മേഖലയിലേയും സ്വകാര്യ സ്കൂളുകളിലേയും അധ്യാപകര്‍ക്ക് അവധി നല്കാനുള്ളതാണ് മന്ത്രിസഭാ യോഗത്തിലെ മറ്റൊരു പ്രധാന തീരുമാനം. ഒമാന്‍ സാമ്പത്തിക വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് വിവിധ പദ്ധതികള്‍ നടപ്പാക്കുന്നത്.