തൊഴിൽ സമയം എട്ട് മണിക്കൂറായി പരിമിതപ്പെടുത്തി ഒമാനിൽ പുതിയ തൊഴിൽ നിയമ ഉത്തരവ് പുറപ്പെടുവിച്ചു. ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം താരിക് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. സിക്ക് ലീവ് വർധിപ്പിക്കൽ, പുരുഷന്മാർക്ക് പിതൃത്വ അവധി അനുവദിക്കൽ തുടങ്ങി തൊഴിലാളിയുടെയും തോഴിലുടമയുടെയും അവകാശങ്ങൾ സംരക്ഷിക്കുന്ന വിധത്തിലാണ് സുപ്രധാന പരിഷ്കരണങ്ങളാണ് പുതിയ ഉത്തരവിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
എട്ട് മണിക്കൂറായിരിക്കും ഇനി ജോലി സമയം. വിശ്രമവേള ഇതിൽ ഉൾപ്പെടില്ല. രാത്രിയിൽ ജോലി ചെയ്യാനാകില്ലെന്ന് തെളിയിച്ചാൽ രാത്രികാല ഷിഫ്റ്റ് പകലിലേക്ക് മാറ്റാൻ സാധിക്കുകയും ചെയ്യും. ഇതിന് പുറമെ സിക്ക് ലീവും വർധിപ്പിച്ചിട്ടുണ്ട്. പുരുഷന്മാർക്ക് ഏഴ് ദിവസത്തെ പിതൃത്വ അവധിയും ലഭിക്കും. രോഗിക്ക് കൂട്ടിരിക്കാൻ 15 ദിവസത്തെ രോഗീപരിചരണ ലീവും ലഭിക്കും. സ്ത്രീകൾക്കുള്ള പ്രസവാവധിയും വർധിപ്പിച്ചു. ആവശ്യമെങ്കിൽ അപേക്ഷിച്ചാൽ വേതനമില്ലാത്ത പ്രത്യേക അവധിയും ലഭിക്കും.
സ്ത്രീകൾക്ക് പ്രസവശേഷം 98 ദിവസത്തെ മെറ്റേണിറ്റി ലീവ് അനുവദിക്കും. മാത്രമല്ല, കുഞ്ഞിനെ പരിചരിക്കാൻ ജോലിയുള്ള ഓരോ ദിവസവും ഒരു മണിക്കൂർ വീതം ഇടവേളയും ലഭിക്കും. ശിശുപരിചരണത്തിന് ഒരു വർഷം വരെ വേതനമില്ലാത്ത അവധിയും അനുവദിച്ചിട്ടുണ്ട്. 25ലധികം വനിതാ ജീവനക്കാരുള്ള സ്ഥാപനങ്ങളിൽ പ്രത്യേകം വിശ്രമ സ്ഥലം ഒരുക്കണമെന്നും തൊഴിൽ നിയമത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.കൂടാതെ തൊഴിൽ മന്ത്രാലയത്തിന്റെ അനുമതി വാങ്ങി തന്റെ തൊഴിലാളിയെ താത്കാലികമായി മറ്റൊരു തൊഴിലുടമക്ക് കീഴിൽ ജോലിയെടുക്കാൻ അനുമതി നൽകാനും സാധിക്കും.
തൊഴിലിലെ നിശ്ചിത വൈദഗ്ധ്യം തൊഴിലാളി പ്രകടിപ്പിച്ചില്ലെങ്കിൽ കരാർ റദ്ദാക്കാൻ തൊഴിലുടമയ്ക്ക് സാധിക്കും. കരാർ റദ്ദാക്കുന്നതിന് മുമ്പ് തൊഴിലിലെ പോരായ്മകൾ സംബന്ധിച്ച് തൊഴിലാളിക്ക് അറിയിപ്പ് നൽകുകയും ഇത് തിരുത്താൻ ആറ് മാസത്തെ സമയം അനുവദിക്കുകയും വേണം. സ്വദേശിവത്കരണത്തിനായി, വിദേശ തൊഴിലാളികളെ പിരിച്ചുവിട്ട് സ്വദേശികളെ നിയമിക്കാനും സാധിക്കും.