ഉഭയകക്ഷി സഹകരണം വർധിപ്പിക്കാനൊരുങ്ങി ഒമാനും ഓസ്ട്രേലിയയും. ഇതുമായി ബന്ധപ്പെട്ട് ഓസ്ട്രിയയുടെ യൂറോപ്യൻ, അന്താരാഷ്ട്ര കാര്യങ്ങളുടെ ഫെഡറൽ മന്ത്രാലയം സെക്രട്ടറി ജനറൽ പീറ്റർ ലെവിൻസ്കി ഒമാൻ വിദേശകാര്യ മന്ത്രാലയം രാഷ്ട്രീയകാര്യ അണ്ടർ സെക്രട്ടറി ശൈഖ് ഖലീഫ അലി അൽ ഹാർത്തിതുമായി കൂടിക്കാഴ്ച നടത്തി. രാഷ്ട്രീയ, സാംസ്കാരിക, സാമ്പത്തിക മേഖലകളിലെ ഉഭയകക്ഷി സഹകരണത്തിന്റെ വശങ്ങളും അവ മെച്ചപ്പെടുത്തുന്നതിനുള്ള പുതിയ വഴികളും ഇരുപക്ഷവും അവലോകനം ചെയ്തു. കൂടാതെ പൊതു താൽപര്യമുള്ള നിരവധി പ്രാദേശിക, അന്തർദേശീയ വിഷയങ്ങളെക്കുറിച്ചും ഇരുപക്ഷവും അഭിപ്രായങ്ങളും കൈമാറി.
അതേസമയം ഇറാനിൽ നിന്ന് ഓസ്ട്രിയൻ പൗരന്മാരെ മോചിപ്പിക്കുന്നതിൽ ഒമാൻ വഹിച്ച പങ്കിന് അഗാധമായ നന്ദിയും അഭിനന്ദനവും ഓസ്ട്രിയയുടെ യൂറോപ്യൻ, അന്താരാഷ്ട്ര കാര്യങ്ങളുടെ ഫെഡറൽ മന്ത്രാലയത്തിന്റെ സെക്രട്ടറി ജനറൽ അറിയിച്ചു. ഒമാനിലെ ഓസ്ട്രിയ അംബാസഡർ ക്രിസ്റ്റ്യൻ ബ്രൺമയർ, വിദേശകാര്യ മന്ത്രാലയത്തിലെ യൂറോപ്പ് ഡിപ്പാർട്മെന്റ് മേധാവി മുന്ദിർ മഹ്ഫൂദ് അൽ മന്ദേരി, ഇരുരാജ്യങ്ങളിലെയും ഉദ്യോഗസ്ഥർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.