അറ്റകുറ്റപ്പണിക്കായി അടച്ചിട്ടിരുന്ന മസ്ക്കറ്റിലെ അമീറാത്ത് ബൗഷർ റോഡ് യാത്രക്കാർക്കായി തുറന്നു കൊടുത്തു. സുരക്ഷാ പ്രശ്നങ്ങൾ കാരണം മാസങ്ങളായി റോഡ് അടച്ചിട്ടിരിക്കുകയായിരുന്നു. മഴയടക്കമുള്ള കാരണങ്ങളാൽ റോഡിൽ അപകടങ്ങൾ സ്ഥിരമാവാൻ തുടങ്ങിയതോടെയാണ് അറ്റകുറ്റപ്പണിക്കായി റോഡ് മസ്കറ്റ് മുനിസിപ്പാലിറ്റി അടച്ചിട്ടത്.
അറ്റകുറ്റപ്പണിയുടെ ആദ്യ ഘട്ടത്തിൽ വൻ ഗതാഗതക്കുരുക്കാണ് മസ്കറ്റ് മേഖലയിൽ അനുഭവപ്പെട്ടത്. ബൗഷർ -അമീറാത്ത് റോഡിലൂടെ സഞ്ചരിക്കേണ്ടിയിരുന്ന വാഹനങ്ങൾ മുഴുവൻ വാദീ അദൈ വഴി പോവാൻ തുടങ്ങിയത് മസ്കറ്റിൽ വൻ ഗതാഗതക്കുരുക്കിന് ഇടയാക്കി. ഈ റോഡിൽ അനുഭവപ്പെടുന്ന തിരക്ക് മറ്റു റോഡുകളിലും സർവിസ് റോഡുകളിലും വ്യാപിക്കുകയും ചെയ്തു. പ്രത്യേകിച്ചും രാവിലെയാണ് ഈ ഗതാഗതക്കുരുക്ക് വലിയ തോതിൽ അനുഭവപെട്ടത്.
ഓഫിസുകളിലേക്കും ജോലി സ്ഥലങ്ങളിലേക്കും വൈകിയെത്തുന്നതിനും മറ്റും ഗതാഗത കുരുക്ക് കാരണമാക്കി. ഇതിനിടെ വാഹനാപകടങ്ങളും നിത്യസംഭവമായതോടെ റൂവി മുതൽ ബൗഷർ വരെയുള്ള യാത്ര കൂടുതൽ ദുഷ്കരമാവുകയും ചെയ്തു. ഇതോടെ അടച്ചിട്ട റോഡിന്റെ ഒരുഭാഗം ആദ്യം തുറന്നു നൽകി. പിന്നീട് കഴിഞ്ഞ ദിവസത്തോടെ പാത പൂർണമായും ഗതാഗതത്തിനായി തുറന്നുകൊടുക്കുകയായിരുന്നു.
റോഡപകടങ്ങൾ ഒഴിവാക്കാനുള്ള സുരക്ഷാ ക്രമീകരണങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. അമീറാത്ത്-ബൗഷർ റോഡ് അമിറാത്ത് ഭാഗത്ത് വൻ വളർച്ചയ്ക്ക് കാരണമാക്കിയിട്ടുണ്ട്. റോഡ് നിലവിൽ വന്നതോടെ അമിറാത്തിലേക്കുള്ള യാത്ര എളുപ്പമാവുകയും നിരവധി പേർ ഇവിടെ താമസം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
നിരവധി പുതിയ താമസ ഇടങ്ങളും മാളുകളും ഹൈപ്പർമാക്കറ്റുകളും മറ്റു വ്യാപാര സ്ഥാപനങ്ങളും ഇവിടെയുണ്ട്. കൂടാതെ അനുബന്ധമായി ഹോട്ടലുകളും മറ്റു നിരവധി സ്ഥാപനങ്ങളും ഉയർന്നുവരാനും അമീറാത്ത് നഗരം കൂടുതൽ വികസിക്കാനും വഴിയൊരുക്കിയത് അമീറാത്ത്-ബൗഷർ റോഡാണ്. മാത്രമല്ല ഈ റോഡിന്റെ മുകൾ അറ്റത്ത് നിന്ന് താഴ്ഭാഗത്തേക്കുള്ള രാത്രികാല ദൃശ്യങ്ങൾ കാണാനും ഏറെ മനോഹരമാണ്. ഇത് ആസ്വദിക്കുന്നതിന് വേണ്ടി നിരവധി പേർ ദിവസവും അമീറാത്ത് ബൗഷർ റോഡിൽ എത്തുന്നുണ്ട്.