ഈദ് അൽ ഫിത്തർ അടുത്തെത്തിയിരിക്കെ പെരുന്നാൾ വിപണി കൊഴുക്കുകയാണ്. പെരുന്നാൾ സമയത്ത് മാർക്കറ്റിൽ വലിയ ഡിമാന്റുള്ള വസ്ത്ര വ്യാപാര മേഖല തന്നെയാണ് ഇത്തവണത്തെയും പ്രധാന ശ്രദ്ധാകേന്ദ്രം. ഈ സമയത്ത് ഒമാനിലെ വസ്ത്ര വ്യാപാരികൾക്ക് വിവിധ നിർദേശങ്ങൾ നൽകിയിരിക്കുകയാണ് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രമോഷൻ മന്ത്രാലയം. ഒമാനി ഫാഷൻ രീതിയിലല്ലാത്ത വസ്ത്രങ്ങൾ വിൽക്കരുതെന്നാണ് വ്യാപാരികളോട് ആവശ്യപ്പെട്ടത്.
ഒമാനി ഫാഷൻ മാനദണ്ഡങ്ങൾ പ്രകാരമല്ലാത്ത വസ്ത്രങ്ങൾ വിൽക്കുന്നത് നിയമലംഘനമായി കണക്കാക്കുമെന്നും അധികൃതർ അറിയിച്ചു. അതോടൊപ്പം മുൻകൂർ അനുമതിയില്ലാതെ വസ്ത്രങ്ങളുടെ കൈകളിൽ രാജകീയ ചിഹ്നമോ ഔദ്യോഗിക ചിഹ്നമോ പതിക്കുന്നത് കർശനമായി നിരോധിച്ചിട്ടുമുണ്ട്.
വസ്ത്രങ്ങളിൽ അനുചിതമോ അരോചകമോ ആയി കണക്കാക്കുന്ന ചിഹ്നങ്ങൾ, ശൈലികൾ, ഇസ്‌ലാമിക നിയമം ലംഘിക്കുന്ന ചിഹ്നങ്ങൾ, സ്പോർട്‌സ് ക്ലബ് ലോഗോകൾ, വ്യാപാരമുദ്രകൾ, ആളുകളുടെയും മൃഗങ്ങളുടെയും ചിത്രങ്ങൾ എന്നിവ പതിപ്പിക്കരുതെന്നും അധികൃതർ വ്യക്തമാക്കി. നിയമലംഘകർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.