ഗതാഗതക്കുരുക്ക് അഴിക്കാൻ പുതിയ സംവിധാനവുമായി ഷാർജ റോഡ്‌സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി (എസ്ആർടിഎ). ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് മെച്ചപ്പെടുത്തിയ 48 ട്രാഫിക് സിഗ്നലുകളുപയോഗിച്ചാണ് ഗതാഗതം സുഗമമാക്കുന്നത്.
എഐ സെൻസറുകളും ക്യാമറകളും തത്സമയ ട്രാഫിക് വിശകലനം ചെയ്‌ത് സിഗ്നൽ സമയം ക്രമീകരിക്കുകയാണ് ചെയ്യുന്നത്. റോഡിലെ വാഹനങ്ങളുടെ തിരക്ക് അടിസ്ഥാനമാക്കി ലൈറ്റുകൾ പച്ചയോ ചുവപ്പോ ആയി ക്രമീകരിക്കപ്പെട്ടുകൊണ്ടേയിരിക്കും. അതിനനുസരിച്ച് സിസ്റ്റം അപ്ഡേറ്റ് ചെയ്യുകയും ചെയ്യും.
പുതിയ സംവിധാനം ഉപയോഗിച്ച് വാഹനങ്ങളുടെ സുഗമമായ യാത്ര 30 ശതമാനം വരെ വർധിപ്പിക്കാൻ സാധിക്കുമെന്ന് എസ്ആർടിഎ ചെയർമാൻ യൂസിഫ് അലത്ത്‌മനി പറഞ്ഞു. ട്രാഫിക് സുഗമമാക്കുന്നതിന്റെ ഭാഗമായി തുടർന്നും വിവിധ പദ്ധതികൾ ആവിഷ്കരിക്കുമെന്നും നടപ്പിലാക്കുമെന്നും അധികൃതർ വ്യക്തമാക്കി.