മാധ്യമ പ്രവർത്തകയെ അപമാനിച്ചെന്ന കേസിൽ സുരേഷ് ഗോപിക്ക് നോട്ടീസ് നൽകി കോഴിക്കോട് നടക്കാവ് പൊലീസ്. ഈ മാസം 18നകം ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നോട്ടീസിലെ ആവശ്യം. അപമര്യാദയായി പെരുമാറിയ സംഭവത്തിൽ സുരേഷ് ഗോപിക്കെതിരെ മാധ്യമപ്രവർത്തക നൽകിയ പരാതിയിൽ നടക്കാവ് പൊലീസ് കേസെടുത്തിരുന്നു.
354 എ വകുപ്പ് പ്രകാരം ലൈംഗിക ഉദ്ദേശത്തോടെ പെരുമാറിയതിനാണ് നടക്കാവ് പൊലീസ് കേസെടുത്തത്. രണ്ട് വർഷം തടവോ അല്ലെങ്കിൽ പിഴയോ ഇതുരണ്ടും ഒരുമിച്ചോ ലഭിക്കാവുന്ന വകുപ്പാണിത്.
ഇക്കഴിഞ്ഞ ഒക്ടോബർ 27നാണ് കേസിനാസ്പദമായ വിവാദ സംഭവം. കോഴിക്കോട്ടെ സ്വകാര്യ ഹോട്ടലിൽ മാധ്യമപ്രവർത്തകരോട് സുരേഷ് ഗോപി സംസാരിക്കുന്നതിന്റെ ഇടയിലാണ് വിവാദ സംഭവം നടന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് തുടർ ചോദ്യങ്ങൾ ചോദിച്ച മാധ്യമപ്രവർത്തകയുടെ ചുമലിൽ അനുവാദമില്ലാതെ സുരേഷ് ഗോപി പിടിക്കുകയായിരുന്നു.