പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരത്തിന് പരിഗണിക്കുന്നതായി വന്ന വാർത്തകൾ നിഷോധിച്ച് നോബൽ സമിതിയുടെ ഡപ്യൂട്ടി ലീഡർ. നോർവീജിയൻ നൊബേൽ കമ്മിറ്റിയുടെ ഉപനേതാവായ അസ്ലെ ടോജെയുടെ പരാമശം എന്ന നിലയിലാണ് വാർത്ത പ്രചരിച്ചത്. ഇതോടെയാണ് ടോജെ നിഷേധക്കുറിപ്പുമായി രംഗത്തെത്തിയത്.
ഇന്ത്യയിൽ സന്ദർശനത്തിനെത്തിയ തോജെ ഇംഗ്ലിഷ് ടിവി ചാനലിന് നൽകിയ അഭിമുഖമത്തിലെ പരാമർശം എന്ന നിലയിലാണ് മാധ്യമങ്ങൾ വാർത്ത നൽകിയത്. ഇതുമായി ബന്ധപ്പെട്ട് പ്രചരിച്ച ട്വീറ്റും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കുറഞ്ഞ സമയത്തിനകം 15 ലക്ഷത്തിലധികം ആളുകൾ ട്വീറ്റ് കണ്ടു. മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ സമ്പന്നവും ശക്തവുമായ രാജ്യമായി മാറുകയാണെന്നുമായിരുന്നു കുറിപ്പ്. യുദ്ധം അവസാനിപ്പിക്കുന്നതിൽ മോദിയുടെ ഇടപെടൽ മികച്ചതാണെന്നും പ്രചരിച്ചിരുന്നു.
എന്നാൽ തൻ്റെ പേരിൽ പ്രചരിച്ച വാർത്തകളെ ടോജെ മണിക്കൂറുകൾക്കുളളിൽ തളളിക്കളഞ്ഞു. നൊബേൽ സമിതിയുടെ ഡപ്യൂട്ടി ലീഡർ എന്ന നിലയിലല്ല തൻ്റെ ഇന്ത്യൻ സന്ദർശനമെന്നും ഇന്റർനാഷനൽ പീസ് ആൻഡ് അണ്ടർസ്റ്റാൻഡിങ് ഡയറക്ടർ എന്ന നിലയിൽ ഇന്ത്യ സെൻ്റർ ഫൗണ്ടേഷനുമായി ബന്ധപ്പെട്ടുമാണ് താൻ രാജ്യത്തെത്തിയതെന്നും തോജെ വിശദീകരിച്ചു. നോർവീജിയൻ നൊബേൽ കമ്മിറ്റിയാണ് സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുക്കുന്നത്.