പൊതു ശ്മശാനങ്ങളിൽ സമുദായ വേർതിരിവ് ഇല്ലാതെ ഏതൊരാളുടെയും ഭൗതിക ശരീരം അടക്കം ചെയ്യണമെന്ന് ഹൈക്കോടതി. പാലക്കാട് പുത്തൂർ പഞ്ചായത്തിലെ ശ്മശാനത്തിൽ ചക്കിലിയൻ സമുദായത്തിന് സംസ്‌കാരത്തിന് അനുമതി നൽകുന്നില്ലെന്നു ചൂണ്ടിക്കാട്ടി നൽകിയ ഹർജിയിലാണ് ഹൈക്കോടതി നിരീക്ഷണം.
ശ്മശാനങ്ങൾക്ക് സമുദായ അടിസ്ഥാനത്തിൽ ലൈസൻസ് നൽകുന്ന പതിവ് തുടരേണ്ടതുണ്ടോയെന്ന് കോടതി സർക്കാരിനോട് ആരാഞ്ഞു. സർക്കാർ സമൂദായങ്ങൾക്ക് പല നിയമങ്ങളും അനുസരിച്ച് ശ്മശാന ലൈസൻസ് നൽകുന്നുണ്ട്. ഇത് തുടരേണ്ടതുണ്ടോയെന്ന് പരിശോധിക്കണം. ഇത്തരത്തിൽ സമുദായ അടിസ്ഥാനത്തിൽ ശ്മശാനങ്ങൾ പ്രവർത്തിക്കുന്നത് ഭരണഘടനയുടെ 14, 21 അനുച്ഛേദങ്ങളുടെ ലംഘനമാണോയെന്നു നോക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു. ഏതു പൊതു ശ്മശാനവും സമുദായ വേർതിരിവ് ഇല്ലാതെ തന്നെ ഏവർക്കും പ്രാപ്യമാവേണ്ടതുണ്ടെന്ന് കോടതി വ്യക്തമാക്കി.
2020 ഏപ്രിലിൽ പുത്തൂർ പഞ്ചായത്തിലെ ശ്മശാനത്തിൽ ചക്കിലിയൻ സമുദായത്തിൽ പെട്ട സ്ത്രീയുടെ മൃതദേഹം സംസ്‌കരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി സന്നദ്ധ സംഘടനയാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. മൃതദേഹവുമായി എത്തിയ കുടുംബാംഗങ്ങളെയും സമുദായ അംഗങ്ങളെയും മേൽജാതിക്കാർ ഭീഷണിപ്പെടുത്തിയതായും ഹർജിയിൽ പറഞ്ഞു. എന്നാൽ ഹർജിയിൽ പരാമർശിക്കുന്ന ശ്മശാനം സ്വകാര്യ ഉടമസ്ഥതയിൽ ഉള്ളതാണെന്ന് ജില്ലാ കലക്ടർ കോടതിയെ അറിയിച്ചു. കോവിഡ് ഭീതി നിലനിന്ന കാലം ആയതിനാലാണ് സ്ത്രീയുടെ മൃതദേഹം അവിടെ അടക്കാതിരുന്നത്. മറ്റൊരു സ്ഥലം കണ്ടെത്തി ഈ പ്രശ്‌നം പരിഹരിച്ചതാണെന്നും കലക്ടർ അറിയിച്ചു.
ഒറ്റ സംഭവം മാത്രം വച്ച് ജാതി വേർതിരിവ് നിലനിൽക്കുന്നുവെന്ന നിഗമനത്തിൽ എത്താനാവില്ലെന്ന് കോടതി പറഞ്ഞു. മഹാമാരിക്കാലത്ത് കോവിഡ് ഭീതി ഉയർത്തി പ്രദേശ വാസികൾ എതിർപ്പ് അറിയിച്ചത് തീർത്തും തള്ളിക്കളയാനാവില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.