യമനിലെ സെൻട്രൽ ജയിലിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ അവസാന പ്രതീക്ഷകൾക്ക് തിരിച്ചടി. വധശിക്ഷ വേഗത്തിലാക്കാൻ പ്രോസിക്യൂഷന്‍ നടപടി. നിമിഷ പ്രതിയായ കൊലക്കേസിലെ രേഖകള്‍ ഉടന്‍ സുപ്രീംകോടതിയില്‍ നല്‍കാന്‍ പ്രോസിക്യൂഷന്‍ മേധാവി നിര്‍ദേശം നൽകി. കൊല്ലപ്പെട്ട യെമന്‍ പൗരൻ്റെ കുടുംബത്തിൻ്റെ ഇടപെടലാണ് നടപടിക്ക് കാരണം.
ദയാധനം നല്‍കി നിമിഷപ്രിയയെ മോചിപ്പിക്കാനുള്ള നടപടികള്‍ എവിടെയും എത്താത്തതിനാല്‍ ഇനി വരുന്ന ദിവസങ്ങള്‍ നിമിഷപ്രിയയ്ക്ക് നിര്‍ണായകമാണ്. ക്രിമിനല്‍ പ്രോസിക്യൂഷന്‍ മേധാവി സുപ്രീംകോടതിക്ക് അയച്ച കത്തിൻ്റെ പകർപ്പ് പുറത്തുവന്നു.
കഴിഞ്ഞ രണ്ടു വര്‍ഷത്തിലേറെയായി ലോകത്തിലെ വിവിധ രാജ്യങ്ങളിലെ പ്രതിനിധികള്‍ ഉള്‍പ്പെട്ട ‘സേവ് നിമിഷപ്രിയ ‘അന്താരാഷ്ട്ര ആക്ഷന്‍ കൗണ്‍സിലിൻ്റെ നേതൃത്വത്തിൽ നിമിഷപ്രിയയെ വധശിക്ഷയില്‍ നിന്ന് മോചിപ്പിക്കാൻ വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അടിയന്തര ശ്രദ്ധയില്‍ വിഷയം കൊണ്ടുവരാനും യമനിലെ ഇന്ത്യന്‍ എംബസിക്ക് കീഴില്‍ നിമിഷപ്രിയക്കായി യമന്‍ പൗരന്‍ ആയ വക്കീലിനെ നിയമിക്കാനും ഡല്‍ഹി ഹൈക്കോടതിയുടെ ശ്രദ്ധയിൽ വിഷയം കൊണ്ടുവന്ന് കേന്ദ്ര സര്‍ക്കാരിനെക്കൊണ്ടും വിദേശ കാര്യവകുപ്പിനെക്കൊണ്ടും പ്രസ്താവനകള്‍ ഇറക്കാൻ സാധിച്ചതും സേവ് നിമിഷപ്രിയ അന്താരാഷ്ട്ര ആക്ഷന്‍ കൗണ്‍സിലിൻ്റെ നിരന്തരശ്രമങ്ങളുടെ ഫലമായിട്ടാണ്.