യെമനിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനം സംബന്ധിച്ച കൂടിയാലോചനയുടെ ആദ്യഘട്ടത്തിന് ആവശ്യമായ പണം ലഭ്യമായി. 20,000 ഡോളറാണ് ഇതുവരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി സേവ് നിമിഷ പ്രിയ ആക്ഷൻ ആക്ഷൻ കൗൺസിലിന് ലഭിച്ചത്. രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന ചർച്ചയ്ക്ക് 40,000 ഡോളറാണ് ആവശ്യമുള്ളത്. ബാക്കി തുക കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇപ്പോൾ ആക്ഷൻ കൗൺസിൽ.
യെമനിലെ നിയമപ്രകാരം കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പ് നൽകിയാൽ പ്രതിക്ക് ശിക്ഷയിളവ് ലഭിക്കും. അതിനാൽ മാപ്പ് നൽകുന്നതുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ട യെമനി പൗരൻ്റെ കുടുംബം ഉൾപ്പെടുന്ന ഗോത്രവുമായി ചർച്ച നടത്തുന്നതിനാണ് പ്രാഥമിക ഘട്ടത്തിൽ പണം ആവശ്യമുള്ളത്. ഈ പണം യെമനിലെ ഇന്ത്യൻ എംബസി വഴി കൈമാറാൻ കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ അനുമതി നൽകിയിരുന്നു.
നിമിഷപ്രിയയുടെ മോചനത്തിനായുള്ള ധനസമാഹരണ യഞ്ജവും നിലവിൽ ആരംഭിച്ചിട്ടുണ്ട്. നിമിഷപ്രിയയുടെ വധശിക്ഷ ഉടൻ നടപ്പിലായേക്കാമെന്ന വിലയിരുത്തലിലാണ് ദയാധനം നൽകാനുള്ള ധനസമാഹരണം ആരംഭിക്കുന്നത്. മൂന്ന് കോടി രൂപ സമാഹരിക്കാൻ ദയാധന സ്വരൂപണ എന്ന പേരിലാണ് ക്യാമ്പയിൽ ആരംഭിക്കുന്നത്. മകളുടെ ജീവൻ രക്ഷിക്കാൻ എല്ലാവരുടെയും സഹായം വേണമെന്ന് യെമനിൽ നിന്നും നിമിഷപ്രിയയുടെ മാതാവ് പ്രേമകുമാരി അഭ്യർത്ഥിച്ചിരുന്നു.