വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് കേസിൽ അറസ്റ്റിലായ എസ്എഫ്ഐ നേതാവ് നിഖിൽ തോമസിന് കേരള സർവകലാശാല ആജീവനാന്ത വിലക്കേർപ്പെടുത്തി. ഇനി നിഖിലിന് സർവകലാശാലയ്ക്ക് കീഴിൽ പഠിക്കാനോ പരീക്ഷ എഴുതാനോ കഴിയില്ലെന്ന് അധികൃതർ അറിയിച്ചു. സർവകലാശാല യിൽ നടന്ന സിൻഡിക്കേറ്റ് യോഗത്തിലാണ് തീരുമാനം.
അതേസമയം കേരള സർവകലാശാല എംഎസ്എം കോളജ് അധികൃതരെ വിളിച്ചുവരുത്തുമെന്നും അധികൃതർ അറിയിച്ചു. കോളജ് അധികാരികളെയും ചുമതലയിൽ ഉണ്ടായിരുന്നവരെയും വിളിച്ചു വരുത്തും. ഇവരിൽ നിന്ന് വിശദീകരണം തേടുന്നതിനായി പ്രത്യേക സമിതിയെയും നിശ്ചയിച്ചിട്ടുണ്ട്. രജിസ്ട്രാർ , ഐക്യുഎസി, കൺട്രോളർ, കോ ഓർഡിനേറ്റർ എന്നിവരാണ് സമിതിയിൽ ഉള്ളത്. കൂടാതെ സംസ്ഥാനത്ത് നിന്ന് പുറത്തുള്ള സർട്ടിഫിക്കറ്റുകൾ വിശദമായി പരിശോധിക്കും. ഇതിനായി പ്രത്യേക സെൽ രൂപീകരിച്ചുവെന്നും സർവകലാശാല അധികൃതർ കൂട്ടിച്ചേർത്തു.
അതേസമയം എസ്എഫ്ഐ നേതാവ് നിഖിൽ തോമസിന് വ്യാജ ബിരുദ സർട്ടിഫിക്കറ്റ് തെരപ്പെടുത്തിക്കൊടുത്തത് കൊച്ചിയിലെ ഏജൻസിയിൽ നിന്നാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഇതിനായി നിഖിലിന്റെ പക്കൽ നിന്നും ഇവർ രണ്ടുലക്ഷം രൂപ വാങ്ങിയതായും അബിൻ സി രാജ് ചോദ്യം ചെയ്യലിൽ സമ്മതിച്ചു. പാലാരിവട്ടത്തെ ഈ സ്ഥാപനം പ്രവർത്തിച്ചിരുന്ന കെട്ടിടത്തിൽ നിഖിൽ തോമസിനെയും എബിൻ സി രാജിനെയും എത്തിച്ച് തെളിവെടുപ്പ് നടത്തുകയാണ് അന്വേഷണ സംഘം.