ഈദ് അൽ ഫിത്തർ ആഘോഷങ്ങൾക്ക് ശേഷം യുഎഇ നിവാസികൾ വീണ്ടും ജോലികളിലേയ്ക്ക് തിരിഞ്ഞിരിക്കുകയാണ്. ചെറിയ പെരുന്നാളിന് 9 ദിവസത്തെ അവധിയാണ് രാജ്യത്ത് ലഭിച്ചത്. ഇതിന് പിന്നാലെ ജനങ്ങൾക്ക് സന്തോഷ വാർത്തയായി വീണ്ടും അവധിയുടെ സൂചനകളാണ് ലഭിക്കുന്നത്. ബലിപെരുന്നാളിനോട് അനുബന്ധിച്ച് യുഎഇ നിവാസികൾക്ക് അഞ്ച് ദിവസത്തെ അവധിയാണ് ലഭിക്കുക. ജൂൺ മാസത്തിലാണ് ഈ നീണ്ട അവധി അസ്വദിക്കാൻ സാധിക്കുകയെന്നാണ് വിലയിരുത്തൽ.
കൃത്യമായ തിയതിയല്ലെങ്കിലും ജൂൺ രണ്ടാം വാരത്തിൽ ബലിപെരുന്നാൾ ആഘോഷിക്കാൻ സാധിക്കും. ഇസ്‌ലാമിക കലണ്ടറിൻ്റെ ചാന്ദ്ര അധിഷ്‌ഠിത സമ്പ്രദായമനുസരിച്ച് ഈദ് അൽ ഫിത്തറിന് ഏകദേശം രണ്ട് മാസവും ഏതാനും ദിവസങ്ങളും കഴിഞ്ഞാണ് ഈദ് അൽ അദ്‌ഹ വരുന്നത്. എല്ലാ ഇസ്ലാമിക ഹിജ്‌റി കലണ്ടർ മാസങ്ങളും 29 അല്ലെങ്കിൽ 30 ദിവസങ്ങൾ നീണ്ടുനിൽക്കും. ഇസ്ലാമിക കലണ്ടറിൽ ദുൽ ഹിജ്ജ 9 നാണ് അറഫാ ദിനം. ഈദ് അൽ അദ്ഹ മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് ആഘോഷിക്കുന്നത്.
ദുബായ് ഇസ്‌ലാമിക് അഫയേഴ്‌സ് ആന്റ് ചാരിറ്റബിൾ ആക്‌റ്റിവിറ്റീസ് ഡിപ്പാർട്ട്‌മെൻ്റ് പ്രസിദ്ധീകരിച്ച ഹിജ്‌റി കലണ്ടർ പ്രകാരം ജൂൺ 8-നാണ് ദുൽഹിജ്ജ 1. ഇങ്ങനെയാണെങ്കിൽ ജൂൺ 16 (ദുൽഹിജ്ജ 9) ഞായറാഴ്ചയാണ് അറഫാ ദിനം. ജൂൺ 17 തിങ്കളാഴ്ചയാണ് (ദുൽ ഹിജ്ജ 10) ഈദ് അൽ അദ്ഹ. അതിനാൽ ജൂൺ 16 ഞായർ മുതൽ ജൂൺ 19 ബുധൻ വരെയാണ് അവധി ലഭിക്കുക. വാരാന്ത്യം (ജൂൺ 15 ശനി) ഉൾപ്പെടെ അഞ്ച് ദിവസത്തെ അവധിയാണ് യുഎഇ നിവാസികൾക്ക് ആസ്വദിക്കാൻ സാധിക്കുക. ചന്ദ്രൻ്റെ ദർശനം അനുസരിച്ച് ഈ തിയതികളിൽ മാറ്റം വരികയും ചെയ്യും.