ഡിസംബർ 31 ന് പുതുവത്സര ആഘോഷങ്ങൾക്കൊരുങ്ങുകയാണ് ദുബായ്.ആഘോഷങ്ങൾക്ക് കാവലായി 10,000- ത്തിലധികം പോലീസ് ഉദ്യോഗസ്ഥരേയും1,300 പോലീസ് വാഹനങ്ങളും വിന്യസിച്ചിട്ടുണ്ടെന്ന് ദുബായ് പോലീസിലെ ട്രാഫിക് ഡിപ്പാർട്ട്മെന്റിൽ നിന്നുള്ള അബ്ദുൾ റഹ്മാൻ ഉബൈദ് ജുമാ അൽ ഫലാസി അറിയിച്ചു. കൂടാതെ ഡിസംബർ 31 ന് വൈകുന്നേരം നാല് മണി മുതൽ ദുബായിലെ ചില റോഡുകൾ പുതുവത്സര ആഘോഷങ്ങൾക്കായി അടച്ചിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡൗൺടൗൺ ഏരിയയിലേക്കും മറ്റ് ജനപ്രിയ സ്ഥലങ്ങളിലേക്കും വരുന്ന സന്ദർശകരോടും താമസക്കാരോടും യാത്രകൾ നേരത്തെ തന്നെ ആരംഭിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. പരമാവധി സ്വന്തം വാഹനങ്ങൾ ഉപയോഗിക്കാതെ പൊതുഗതാഗത സൗകര്യങ്ങൾ ഉപയോഗിക്കണമെന്നും പോലീസ് നിർദ്ദേശിച്ചു. വൈകുന്നേരം നാല് മണി മുതൽ മുഹമ്മദ് ബിൻ റാഷിദ് ബൊളിവാർഡ് അടിച്ചിടാൻ തുടങ്ങും. കൂടാതെ ഫിനാൻഷ്യൽ റോഡിൻ്റെ അപ്പർ ലെവൽ രാത്രി എട്ട് മണിയ്ക്കും ലോ ലെവൽ വൈകുന്നേരം നാല് മണിക്കും അൽ അസയേൽ റോഡും വൈകിട്ട് നാലിന് അടയ്ക്കും. ഈ റോഡുകളിൽ നിന്നുള്ള എല്ലാ ഗതാഗതവും ഷെയ്ഖ് സായിദ് റോഡിലേക്ക് തിരിച്ചുവിടുമെന്നും അധികൃതർ അറിയിച്ചു.
ദുബായിലെ 32 ആഘോഷ വേദികളും കവർ ചെയ്യുന്നതിന് വേണ്ടി ഏകദേശം 1,300 വാഹനങ്ങളാണ് ദുബായ് പോലീസ് വിന്യസിക്കുന്നത്. കൂടാതെ പുതുവത്സര രാവിൽ സിവിൽ ഡിഫൻസ്, ആർടിഎ, ആംബുലൻസുകൾ എന്നിവയെ പിന്തുണയ്ക്കുന്നതിനായി 10,000-ത്തിലധികം പോലീസ് ഉദ്യോഗസ്ഥരും സന്നദ്ധപ്രവർത്തകരും ആഘോഷം നടക്കുന്ന വിവിധ സ്ഥലങ്ങളിലായി നിലയുറപ്പിക്കും. കൂടുതൽ അപ്ഡേറ്റുകൾക്കും ഉപദേശങ്ങൾക്കുമായി ആളുകൾ ദുബായ് പോലീസിന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ പരിശോധിക്കുന്നത് തുടരണമെന്നും പോലീസ് അറിയിച്ചു.