പുതുക്കിയ ട്രാഫിക് നിയമങ്ങൾ ഇന്ന് മുതൽ പ്രാബല്യത്തിലെന്ന് ദുബായ് ഗതാഗത വകുപ്പ്. അശ്രദ്ധമായി വാഹനമോടിക്കുന്നതും ചുവന്ന ലൈറ്റ് ചാടുന്നതും ഉൾപ്പടെ ഗുരുതര കുറ്റകൃത്യങ്ങൾക്ക് പിഴയും ശിക്ഷയും കടുപ്പിച്ചാണ് നിയമ ഭേതഗതി നടപ്പാക്കുന്നത്. നിയമലംഘനങ്ങൾക്ക് ഒരുലക്ഷം ദിർഹം വരെ പിഴ ഈടാക്കുമെന്നാണ് മുന്നറിയിപ്പ്.
ചുവന്ന ലൈറ്റ് മറികടക്കുക,അനധികൃത പാതകളിൽ മോട്ടോർ സൈക്കിളുകൾ ഓടിക്കുക, അശ്രദ്ധമായോ ജീവനോ സ്വത്തിനോ അപകടമുണ്ടാക്കുന്ന തരത്തിലോ വാഹനമോടിക്കുക. പോലീസ് വാഹനവുമായി ബോധപൂർവം കൂട്ടിയിടിക്കുകയോ മനഃപൂർവം കേടുവരുത്തുകയോ ചെയ്യുക. നമ്പർ പ്ളേറ്റുകളിൽ കൃത്രിമത്വം കാണിക്കുക തുടങ്ങിയ കുറ്റങ്ങൾക്ക് വാഹനങ്ങൾ പിടിച്ചെടുക്കുകയും 50,000 ദിർഹം വരെ പിഴ ഈടാക്കുകയും ചെയ്യും.
18 വയസ്സിന് താഴെയുള്ള ഒരാൾ വാഹനമോടിക്കുന്നത് ഉയർന്ന പിഴ ഈടാക്കുന്ന നിയമലംഘനമായി കണക്കാക്കും.പോലീസിൻ്റെ മുൻകൂർ അനുമതിയില്ലാതെ റോഡ് റേസിൽ പങ്കെടത്താൽ 100,000 ദിർഹം വരെ നൽകേണ്ടിവരും. വാഹനങ്ങൾക്ക് രൂപമാറ്റം വരുത്തുകയൊ ഇതര മാനദണ്ഡങ്ങൾ ലംഘിക്കുകയോ ചെയ്താൽ 10,000 ദിർഹമാണ് പിഴ.
മോശം കാലാവസ്ഥ ഉള്‍പ്പെടെയുള്ള അപകടകരമായ സാഹചര്യങ്ങളില്‍ സുരക്ഷ മാനദണ്ഡങ്ങൾ ലംഘിക്കുകയൊ രക്ഷാപ്രവർത്തനം തടസ്സപ്പെടുത്തും വിധം പെരുമാറുകയൊ ചെയ്താൽ 1000 ദിര്‍ഹം മുതല്‍ 2000 ദിര്‍ഹം വരെയാണ് പിഴ. മഴയുള്ള കാലാവസ്ഥയില്‍ താഴ്വരകളിലോ വെള്ളപ്പൊക്കമുള്ള സ്ഥലങ്ങളിലോ അണക്കെട്ടുകളിലോ സന്ദര്‍ശിക്കുന്നതിന് 1,000 ദിര്‍ഹം പിഴ ചുമത്തും.
1997ലെ മന്ത്രിതല പ്രമേയം അനുസരിച്ചുളള നമ്പര്‍ 130ലെ ആര്‍ട്ടിക്കിള്‍ ഒന്നിലും 1995ലെ 21ആം നമ്പര്‍ ഫെഡറല്‍ നിയമത്തിൻ്റെ നടപ്പാക്കല്‍ ചട്ടങ്ങളിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.
നിയമലംഘനങ്ങളില്‍ പിഴ ചുമത്തുന്നതിന് പുറമേ ബ്ലാക് പോയിൻ്റുകളുമുണ്ടാകും.