വാഹനങ്ങൾ ചീറിപ്പായുന്ന ചുട്ടുപഴുത്ത റോഡിലെ താപനില കുറയ്ക്കുന്ന സാങ്കേതിക വിദ്യയുമായി സൌദി. തദ്ദേശിയമായ നിർമ്മിക്കുന്ന വസ്തുക്കൾ ഉപയോഗിച്ച് റോഡ് തണുപ്പിക്കുന്ന പരീക്ഷണത്തിന് തുടക്കമിട്ടു. സൌദി പബ്ലിക് അതോറിറ്റി ഫോർ റോഡ്‌സിൻ്റെ മേൽനോട്ടത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
റോഡുകൾക്ക് പുറമെ കെട്ടിടങ്ങൾ തണുപ്പിക്കുന്നതിനും സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്താനാകും. പരീക്ഷണം വിജയഘട്ടത്തിലെത്തിയാൽ പാർപ്പിട പ്രദേശങ്ങളിലെ താപനില കുറയ്ക്കാനും കഴിയും. ഇതുവഴി കാത്തിരിപ്പ് കേന്ദ്രങ്ങളിലും തിരക്കേറിയ പ്രദേശങ്ങളിലും കൂടുതൽ സുഖപ്രദമായ അന്തരീക്ഷം ഒരുക്കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
കാലാവസ്ഥാ വ്യതിയാനം തടയുക, ഊർജ ഉപയോഗം കുറയ്ക്കുക തുടങ്ങി സുപ്രധാന ലക്ഷ്യങ്ങളും പരീക്ഷണത്തിന് പിന്നിലുണ്ട്. അതേസമയം സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.