വാഹനങ്ങൾക്കുമുണ്ട് ആയുസ്സ്. ഞെട്ടല്ലേ… വാഹനങ്ങളുടെ പ്രവർത്തന കാലയളവിനെയാണ് ആയുസ്സ് എന്ന് പറയുന്നത്. യുഎഇയിൽ വാഹനങ്ങളുടെ ആയുസ്സ് പരിശോധിക്കുന്ന സംവിധാനം ഏർപ്പെടുത്തിയിരിക്കുകയാണിപ്പോൾ. വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുന്ന വാഹനങ്ങളുടെ പ്രവർത്തനകാലയളവ് പരിശോധിക്കുന്ന സേവനത്തിനാണ് ദുബായ് ആർ.ടി.എ തുടക്കം കുറിച്ചിരിക്കുന്നത്. റെന്റ് എ കാറുകളുടെ ആയുസ്സാണ് ആദ്യഘട്ടത്തിൽ ആർ.ടി.എ പരിശോധിക്കുക.
വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുന്ന എല്ലാ വാഹനങ്ങൾക്കും ഈ സേവനം പ്രയോജനപ്പെടുത്താനാകും. എന്നാൽ, മറ്റ് വാഹനങ്ങൾ ഈ പരിശോധനക്ക് വിധേയമാകണമെന്ന നിബന്ധനയില്ലെന്ന് ആർ.ടി.എ ലൈസൻസിങ് ഏജൻസിയുടെ സി.ഇ.ഒ അബ്ദുല്ല യൂസുഫുൽ അലി പറഞ്ഞു. ഇനി വാഹന ഉടമ പരിശോധിക്കണമെന്ന് ആവശ്യപ്പെടുകയാണെങ്കിൽ വാഹനം പരിശോധനയ്ക്ക് വിധേയമാക്കാനും കഴിയും.
പരിശോധനക്ക് വിധേയമാകുന്നതിലൂടെ വാഹനത്തിന്റെ ആയുസ്സ് വർധിപ്പിക്കാൻ നടത്തേണ്ട അറ്റകുറ്റപ്പണികളെ കുറിച്ചുള്ള വിവരങ്ങൾ ഉടമകൾക്ക് ലഭ്യമാകും. മാത്രമല്ല, വാഹനങ്ങളുടെ കേടുപാടുകളും മറ്റും പരിഹരിച്ച് കൂടുതൽ കാലം ഉപയോഗിക്കാൻ കഴിയുന്ന വിധത്തിലേക്ക് ആയുസ്സ് വർധിപ്പിക്കാൻ സാധിക്കുമെന്ന പ്രത്യേകത കൂടിയുണ്ട് ഈ സംവിധാനത്തിന്. മാന്വൽ ഗിയറുള്ള വാഹനങ്ങൾ അഞ്ചു വർഷത്തിന് ശേഷവും ഇലക്ട്രിക് വാഹനങ്ങൾ ആറു വർഷത്തിന് ശേഷവും മാറ്റണമെന്നാണ് നിലവിലുള്ള നിയമം. ഇതിൽ കാലാവധി ദീർഘിപ്പിക്കണമെങ്കിൽ ആർ.ടി.എയുടെ പ്രത്യേക അനുമതി വേണം.