ദുബായിലെ രണ്ട് പ്രധാന റോഡുകളിൽ പുതിയ വേഗപരിധി പ്രഖ്യാപിച്ച് റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). അൽ അമർദി സ്ട്രീറ്റിൻ്റെയും ഷെയ്ഖ് സായിദ് ബിൻ ഹംദാൻ സ്ട്രീറ്റിൻ്റെയും ചില ഭാഗങ്ങളിൽ പരമാവധി വേഗപരിധി വർധിപ്പിച്ചതായാണ് ആർടിഎ അറിയിച്ചത്. സെപ്റ്റംബർ 30 മുതലാണ് മാറ്റം പ്രാബല്യത്തിൽ വരിക.
ഗതാഗതം മെച്ചപ്പെടുത്തുന്നതിന്റെയും റോഡ് സുരക്ഷ വർധിപ്പിക്കുന്നതിന്റെയും ഭാഗമായാണ് തീരുമാനമെന്ന് ആർടിഎ അധികൃതർ അറിയിച്ചു. ഡ്രൈവർമാർ സൈൻ ബോർഡുകളിലെ വേഗപരിധി അനുസരിച്ച് വാഹനമോടിക്കണമെന്നും നിർദ്ദേശമുണ്ട്.
പുതിയ വേഗപരിധി ഇപ്രകാരമാണ്:
• ഷെയ്ഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ സ്ട്രീറ്റിലെ പരമാവധി വേഗപരിധി ദുബായ് അൽ ഐൻ റോഡിനും അക്കാദമിക് സിറ്റി റൗണ്ട് എബൗട്ടിനുമിടയിൽ മണിക്കൂറിൽ 100 കിലോമീറ്ററായി ഉയർത്തും.
• അക്കാദമിക് സിറ്റി റൗണ്ട് എബൗട്ടിനും അൽ ഖവാനീജ് സ്ട്രീറ്റിനും ഇടയിൽ പരമാവധി വേഗപരിധി മണിക്കൂറിൽ 90 കിലോമീറ്ററായി ഉയർത്തും.
• അൽ ഖവാനീജ് സ്ട്രീറ്റിനും എമിറേറ്റ്‌സ് റോഡിനുമിടയിലുള്ള അൽ അമർദി സ്ട്രീറ്റിൽ വേഗപരിധി 90 കി.മീ. ആയിരിക്കും.
• അൽ അമർദി സ്ട്രീറ്റിൻ്റെയും ഷെയ്ഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ സ്ട്രീറ്റിൻ്റെയും ചില ഭാഗങ്ങളിൽ വേഗപരിധി ദുബായ് പോലീസ് ജനറൽ ആസ്ഥാനവുമായി ഏകോപിപ്പിച്ച് ക്രമീകരിച്ചിട്ടുണ്ട്.