ദുബായിലെ ജനവാസ കേന്ദ്രങ്ങളിലെ ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താൻ പുതിയ സംവിധാനം ആരംഭിക്കും. ഇതിനായി ‘സൈലൻ്റ് റഡാറുകളാണ്’ എമിറേറ്റിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിക്കുന്നത്. പരമ്പരാഗത റഡാറുകൾ പോലെ ഫ്ലാഷ് ചെയ്യാത്തതിനാലാണ് ഈ ഉപകരണങ്ങളെ സൈലൻ്റ് റഡാറെന്ന് വിളിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
സൈലൻ്റ് റഡാറുകൾ എപ്പോൾ സ്ഥാപിക്കുമെന്നത് സംബന്ധിച്ച വിവരങ്ങൾ ലഭ്യമായിട്ടില്ല. സീറ്റ് ബെൽറ്റ് ധരിക്കുക, മൊബൈൽ ഫോൺ ഉപയോഗിക്കാതിരിക്കുക, അമിത വേഗത നിയന്ത്രിക്കുക തുടങ്ങിയ ശരിയായ സുരക്ഷാ രീതികൾ പാലിക്കാൻ ഡ്രൈവർമാരെ പ്രോത്സാഹിപ്പിക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്.
സീറ്റ് ബെൽറ്റ് ധരിക്കാതിരുന്നാൽ 400 ദിർഹം പിഴയും 4 ബ്ലാക്ക് പോയിൻ്റുകളും, ഡ്രൈവിങ്ങിനിടെ ഫോൺ ഉപയോഗിച്ചാൽ 800 ദിർഹം പിഴയും 4 ബ്ലാക്ക് പോയിൻ്റുകളും ലഭിക്കും.