കുട്ടികള്‍ ക്ലാസ് മുടക്കുന്നത് തടയുന്നതിന് വേണ്ടി കടുത്ത നടപടികള്‍ സ്വീകരിക്കാൻ ഒരുങ്ങി സൗദി. കുട്ടികള്‍ കൃത്യമായി ക്ലാസിൽ എത്തിയില്ലെങ്കിൽ മാതാപിതാക്കള്‍ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. കൂടാതെ 20 ദിവസം കുട്ടി സ്കൂളിൽ എത്തിയില്ലെങ്കിൽ രക്ഷിതാവിന്റെ വിവരങ്ങള്‍ വിദ്യാഭ്യാസമന്ത്രാലയത്തിന് പ്രിന്‍സിപ്പാള്‍ കൈമാറുകയും ചെയ്യണം.
മതിയായ കാരണമില്ലാതെ 20ദിവസത്തോളം അവധി എടുക്കുന്നതിനാണ് മാതാപിതാക്കള്‍ ജയില്‍ശിക്ഷ അനുഭവിക്കേണ്ടി വരിക. മാത്രമല്ല മാതാപിതാക്കളുടെ പിഴവ് മൂലമാണ് കുട്ടി ക്ലാസില്‍ വരാതിരുന്നതെന്ന് തെളിഞ്ഞാല്‍ തടവ് ഉള്‍പ്പെടെ മതിയായ ശിക്ഷ ജഡ്ജിക്ക് വിധിക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം വിദ്യാര്‍ഥി മൂന്ന് ദിവസം ക്ലാസിലെത്താതിരുന്നാല്‍ മാതാപിതാക്കൾക്ക് ആദ്യ മുന്നറിയിപ്പ് നല്‍കും. ഒപ്പം സ്കൂളിലെ വിദ്യാര്‍ഥിയുടെ മെന്ററിന് വിവരം കൈമാറുകയും ചെയ്യും. പിന്നീട് അഞ്ച് ദിവസം ക്ലാസ് മുടക്കിയാല്‍ രണ്ടാമത്തെ മുന്നറിയിപ്പും നല്‍കും. എന്നാൽ അവധി പത്ത് ദിവസം നീണ്ടു പോയാൽ രക്ഷിതാവിന് മൂന്നാമത്തെ നോട്ടീസയക്കുകയും പതിനഞ്ച് ദിവസമായാല്‍ വിദ്യാര്‍ഥിയെ മറ്റൊരു സ്കൂളിലേക്ക് മാറ്റുകയും ചെയ്യും.
ഇത് കൂടാതെ 20ാം ദിവസം ശിശു സംരക്ഷണ നിയമപ്രകാരമുള്ള മറ്റ് നടപടികളിലേക്ക് പോകാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന് ശേഷം കുടുംബ സംരക്ഷണ വകുപ്പ് കുട്ടിയുടെ മൊഴിയെടുക്കുകയും അന്വേഷണം നടത്താന്‍ പബ്ലിക് പ്രോസിക്യൂഷനെ നിയോഗിക്കുകയും ചെയ്യും.