ഷാർജയിലെ കൽബയിൽ മത്സ്യബന്ധനത്തിന് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഷാർജ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് ഇത് സംബന്ധിച്ച പുതിയ പ്രമേയം പുറപ്പെടുവിച്ചത്.
നിരോധിത പ്രദേശങ്ങളിൽ മത്സ്യബന്ധനം നടത്താൻ പാടില്ലെന്നാണ് പുതിയ നിർദേശത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. കൂടാതെ മത്സ്യങ്ങൾ കൽബയ്ക്ക് പുറത്തേയ്ക്ക് കയറ്റുമതി ചെയ്യുന്നതിനോ വില്പന നടത്തുന്നതിനോ ഉള്ള അനുമതിയും നിഷേധിച്ചു. ഇതോടെ കൽബയിൽ നിന്ന് പിടിക്കുന്ന മത്സ്യങ്ങൾ നഗരത്തിലെ മാർക്കറ്റുകളിൽ മാത്രമേ വിൽക്കാൻ സാധിക്കുകയുള്ളു.
മത്സ്യബന്ധന നിയന്ത്രണങ്ങൾക്ക് പുറമെ മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനുള്ള പ്രവർത്തനങ്ങളും പ്രമേയത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മത്സ്യ ബന്ധനത്തിനിടെ അപകടത്തിൽപ്പെടുന്ന തൊഴിലാളികൾക്ക് അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കാൻ പ്രത്യേക സമിതി രൂപീകരിക്കാനാണ് തീരുമാനം. ഇതുവഴി പരിസ്ഥിതി, സംരക്ഷിത മേഖലാ അതോറിറ്റിയുടെ നടപടിക്രമങ്ങളിലൂടെ നഷ്ടം സംഭവിച്ച മത്സ്യത്തൊഴിലാളികൾക്ക് ഉചിതമായ നഷ്ടപരിഹാരവും ലഭ്യമാക്കും.