ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തുന്ന ദുബായിലെ പ്രധാന ആകർഷണമാണ് ദുബായ് ഫ്രെയിം. ഫ്രൈയിമിന് താഴെ നിന്നും മുകളിൽ നിന്നുമെല്ലാം മനോഹരമായ ചിത്രങ്ങൾ പകർത്താൻ സന്ദർശകരുടെ വലിയ തിരക്ക് എപ്പോഴുമുണ്ടാവും. പക്ഷെ, കാലത്തിന്റെ ഫ്രെയിമുകൾക്ക് മാറ്റം വന്നുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ എപ്പോഴും ഒരേ ഫ്രെയിമിൽ നിന്ന് ഫോട്ടോ എടുക്കുന്നതെങ്ങിനെ, ഒരു വെറൈറ്റിയൊക്കെ വേണ്ടേ, ദുബായ് ഫ്രെയിമും കാലത്തിനൊത്ത് മുഖം മാറാൻ ഒരുങ്ങുകയാണ്. ആരാണ് ചേഞ്ച് ആഗ്രഹിക്കാത്തത് അല്ലെ?
അടുത്ത വർഷം എങ്ങനെയായിരിക്കും എന്ന് പോലും ചിന്തിക്കാൻ പറ്റാത്ത ജനങ്ങൾക്ക് മുന്നിൽ 50 വർഷങ്ങൾക്ക് ശേഷം ദുബായ് എങ്ങനെയായിരിക്കും എന്ന് കാണിച്ചു തരാൻ പോവുകയാണ് ദുബായ് ഫ്രെയിം. ഇതുമായി ബന്ധപ്പെട്ട് ദുബായ് ഫ്രെയിമിനുള്ളിൽ ഒരു എക്സിബിഷൻ സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ് ദുബായ് മുനിസിപ്പാലിറ്റി. അറേബ്യൻ ട്രാവൽ മാർക്കറ്റിൽ വച്ച് ദുബായ് മുനിസിപ്പാലിറ്റി പബ്ലിക് പാർക്ക് അൻഡ് റീക്രിയേഷൻ മേധാവി അഹമ്മദ് ഇബ്രാഹിം അൽ സരൂരി ഇക്കാര്യം പ്രഖ്യാപിച്ചപ്പോൾ കേട്ടുനിന്നവരും ആകെയൊന്ന് അമ്പരന്നു. ദുബായ് ഭരണാധികാരിയും യുഎഇയുടെ പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് റാഷിദ് അൽ മക്തുമിന്റെ കാഴ്ചപ്പാടിന് അനുസരിച്ചായിരിക്കും മാറ്റമെന്നും അദ്ദേഹം പറഞ്ഞു.
അധികം താമസിയാതെ തന്നെ ദുബായ് ഫ്രെയിം മാറ്റങ്ങൾക്കായുള്ള നവീകരണത്തിന് വിധേയമാവും. അടുത്ത വർഷം അവസാനത്തോട് കൂടി ഇതുവരെ കാണാത്ത പുതിയൊരു മുഖം, പുത്തൻ ലോകം കാഴ്ചക്കർക്കായി ദുബായ് ഫ്രെയിമിൽ തീർത്തിട്ടുണ്ടാവും. ഇതോടെ ഇനി ഒരു വർഷത്തേക്ക് ഇവിടം സന്ദർശിക്കാൻ കഴിയില്ലെന്ന് കരുതി ആരും വിഷമിക്കേണ്ട. നവീകരണം നടക്കുമ്പോഴും ദുബായ് ഫ്രെയിമിന്റെ പല ഭാഗങ്ങളും സന്ദർശകർക്കായി തുറന്ന് നൽകും. സന്തോഷമായില്ലേ?