മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ മുഖം തിരിച്ചറിയുന്നതിനുള്ള പുതിയ ഇ ഗേറ്റ് സംവിധാനം ഉടൻ പ്രവർത്തനം ആരംഭിക്കും. അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഈ സംവിധാനം ഈ ആഴ്ച തന്നെ നടപ്പിൽ വരുമെന്ന് എയർപോർട്ട് വൃത്തങ്ങൾ അറിയിച്ചു. പഴയ ഇ ഗേറ്റിൽ നിന്നും വളരെ വ്യത്യസ്തമായി പുതിയ ഗേറ്റുകൾ മുഖം കൊണ്ട് തിരിച്ചറിയുന്നവയായിരിക്കും എന്ന് ഒമാൻ എയർപോർട്ട് സി.ഇ.ഒ ശൈഖ് ഐമൻ അൽ ഹൂത്തി പറഞ്ഞു.
ആഗമന, പുറപ്പെടൽ വിഭാഗങ്ങളിലായി ഇത്തരത്തിലുള്ള 18 ഗേറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. മാത്രമല്ല, മറ്റ് നിരവധി സാങ്കേതിക വിദ്യയും വിമാനത്താവളത്തിൽ സജ്ജമാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്വദേശികൾക്കും വിദേശികൾക്കും പാസ്പോട്ട് കാണിക്കാതെ തന്നെ പുതിയ ഗേറ്റ് ഉപയോഗപ്പെടുത്തി ഒമാനിലേക്ക് പ്രവേശിക്കാൻ കഴിയും. എന്നാൽ സന്ദർശക വിസയിൽ ഒമാനിൽ എത്തുന്നവർക്ക് പഴയ നടപടി ക്രമങ്ങൾ തന്നെയായിരിക്കും ഉണ്ടാവുക.