ഷാർജ –ഒമാൻ ബസ് സർവീസിന് തുടക്കമായി. നേരത്തെ അറിയിച്ചതിലും ഒരു ദിവസം വൈകി ഇന്നലെയാണ് (ഫെബ്രുവരി 28 ന്) ബസ് സർവീസ് തുടക്കമായത്. ഷാർജ അൽ ജുബൈൽ സ്റ്റേഷനിലെത്തിയ ആദ്യ ബസ് ഇന്നലെ രാവിലെ 6.45 നാണ് പുറപ്പെട്ടത്. ഷാർജ എയർപോർട്ട് റോഡ് വഴി എമിറേറ്റ്സ് റോഡിൽ പ്രവേശിച്ച് കൽബ അതിർത്തി വഴിയാണ് ബസ് ഒമാനിലേക്ക് പോകുന്നത്.
മസ്കത്തിലെ അസൈബ ബസ് സ്റ്റേഷനിലെത്താൻ 8 മണിക്കൂറാണ് യാത്രാസമയം. ഉച്ചയ്ക്ക് 2.30 നാണ് അവിടെ എത്തിച്ചേരുക. . യാത്രക്കാർക്ക് ഏഴ് കിലോ ഹാൻഡ് ബാഗും 23 കിലോ ലഗേജും കൊണ്ടുപോകാവുന്നതാണ്. 100 ദിർഹമാണ് ബസ്സ് ചാർജ്ജ്.
ഷാർജയിൽ നിന്നുള്ള ആദ്യ ബസ് അൽജുബൈൽ ബസ് സ്റ്റേഷനിൽ നിന്ന് രാവിലെ 6.30 ന് പുറപ്പെട്ട് ഉച്ചയ്ക്ക് 2.30 ന് അസൈബ ബസ് സ്റ്റേഷനിലെത്തും. രണ്ടാമത്തെ ബസ് ഷാർജയിൽ നിന്ന് വൈകിട്ട് നാലിന് പുറപ്പെട്ട് രാത്രി 11.50ന് മസ്‌കറ്റിൽ എത്തും. മസ്‌കറ്റിൽ നിന്നുള്ള ആദ്യ ബസ് രാവിലെ 6.30ന് പുറപ്പെട്ട് ഉച്ചകഴിഞ്ഞ് 3.40ന് ഷാർജയിലെത്തും. രണ്ടാമത്തേത് മസ്‌കറ്റിൽ നിന്ന് വൈകീട്ട് നാലിന് പുറപ്പെട്ട് പുലർച്ചെ 1.10ന് അൽജുബൈൽ ബസ് സ്റ്റേഷനിലെത്തും.
ബസ് റൂട്ട് നിരവധി സ്റ്റോപ്പിംഗ് പോയിൻ്റുകളിലൂടെ കടന്നുപോകുന്നുണ്ടെന്ന് ഒമാനിലെ നാഷണൽ ട്രാൻസ്‌പോർട്ട് കമ്പനിയായ എംവാസലാത്ത് സൂചിപ്പിച്ചു, അവയിൽ ഏറ്റവും പ്രധാനപ്പെട്ടത്: അസൈബയിലെ മ്വാസലാത്ത് ബസ് സ്റ്റേഷൻ – മസ്‌കറ്റ് ഇൻ്റർനാഷണൽ എയർപോർട്ട് – ബുർജ് അൽ സഹ്വ ബസ് സ്റ്റേഷൻ – മാബില ബസ് സ്റ്റേഷൻ – സോഹാറിലെ മ്വാസലാത്ത് ബസ് സ്റ്റേഷൻ – ഷിനാസിലെ എംവാസലാത്ത് ഫെറി ടെർമിനൽ – കൽബ ബസ് സ്റ്റോപ്പ് – ഫുജൈറ – ഷാർജ ഇൻഡസ്ട്രിയൽ ഏരിയ 4 – ഷാർജയിലെ അൽ ജുബൈൽ ബസ് സ്റ്റേഷൻ.