അപേക്ഷ നടപടികൾ ആരംഭിച്ച് പത്തു ദിവസം കഴിഞ്ഞിട്ടും ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെയുള്ള വിദേശങ്ങളിലെ ‘നീറ്റ്’ പരീക്ഷ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് ഒന്നും മിണ്ടാതെ പരീക്ഷ നടത്തിപ്പുകാരായ നാഷനൽ ടെസ്റ്റിങ് ഏജൻസി. ഈ വർഷത്തെ നീറ്റ് പരീക്ഷക്കുള്ള രജിസ്ട്രേഷന് ഫെബ്രുവരി ഒമ്പതിന് തന്നെ തുടങ്ങിയിരുന്നു. മാർച്ച് ഒമ്പതുവരെയാണ് ഓൺലൈനായി പരീക്ഷക്ക് രജിസ്റ്റർ ചെയ്യാനുള്ള സമയ പരിധി. എന്നാൽ ഗൾഫ് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ പരീക്ഷ കേന്ദ്രങ്ങൾ ഇല്ലാത്തത് പ്രവാസി വിദ്യാർത്ഥികൾക്ക് തിരിച്ചടിയായിരിക്കുകയാണ്.
അതേസമയം മുൻ വർഷങ്ങളിൽ ഖത്തർ ഉൾപ്പെടെയുള്ള ആറ് ഗൾഫ് രാജ്യങ്ങളിലും മറ്റു വിദേശരാജ്യങ്ങളിലും അനുവദിച്ച പരീക്ഷ കേന്ദ്രങ്ങൾ ഈ വർഷം മുന്നറിയിപ്പുകളൊന്നുമില്ലാതെ റദ്ദാക്കിയത് പ്രവാസി വിദ്യാർഥികളെ കുഴയ്ക്കുകയാണ്. വിദേശകേന്ദ്രങ്ങളെ വെട്ടിയ തീരുമാനം എൻ.എ.ടി പുനഃപരിശോധിക്കുമെന്ന പ്രതീക്ഷയിലാണ് ഓൺലൈൻ വഴിയുള്ള പരീക്ഷ രജിസ്ട്രേഷൻ പൂർത്തിയാക്കാതെ പ്രവാസി വിദ്യാർഥികൾ കാത്തിരിക്കുകയായിരുന്നു.
ഇന്ത്യൻ എംബസി മുതൽ കേരളത്തിലെയും വിവിധ സംസ്ഥാനങ്ങളിലെയും എം.പിമാരും വിവിധ സംഘടനകൾ വഴിയുമെല്ലാം നിവേദനങ്ങളും മറ്റും സമർപ്പിച്ചിട്ടും എൻ.ടി.എ ഇക്കാര്യത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. മാത്രമല്ല,പുനഃസ്ഥാപിക്കുമെന്ന സൂചനയും നൽകാതായതോടെ വെട്ടിലായത് പഠിച്ചുവളർന്ന പ്രവാസമണ്ണിൽ തന്നെ പരീക്ഷയെഴുതാമെന്ന് മോഹിച്ച നിരവധി വിദ്യാർഥികളാണ്. ഇനി നാട്ടിലെ സെൻറർ തിരഞ്ഞെടുത്ത് അപേക്ഷ നൽകുകയും വിമാന ടിക്കറ്റ് ഉൾപ്പെടെ ബുക്ക് ചെയ്ത് പുറപ്പെടാൻ ഒരുങ്ങുകയുമെല്ലാം വേണമെന്ന ആധിയിലാണ് ഇവരുടെ രക്ഷിതാക്കളും. മേയ് അഞ്ചിന് നടക്കുന്ന പരീക്ഷയ്ക്ക് മാർച്ച് ഒമ്പതുവരെ അപേക്ഷിക്കാം.