മകനെ കാണാനില്ലെന്ന പരാതിയുമായി ഓഫീസുകൾ കയറിയിറങ്ങുകയാണ് ഒരു മാതാവ്. തിരുവനന്തപുരം നെല്ലിമുക്ക് സ്വദേശിയായ ജിതിനെയാണ് ദുബായിൽ വെച്ച് കഴിഞ്ഞ 40 ദിവസത്തിലധികമായി കാണാതായത്. ഇതോടെ സഹായം ആവശ്യപ്പെട്ട് അധികൃതർക്ക് പരാതി നൽകിയിരിക്കുകയാണ് ജിതിന്റെ അമ്മ ശോഭ.
കഴിഞ്ഞ ഏപ്രിൽ എട്ട് മുതലാണ് ജിതിനെ കാണാതായത്. 2018 മുതൽ ദുബായിലെ ഒരു ആംബുലൻസ് സർവീസ് കമ്പനിയിൽ ഇ.എൻ.ടി വിഭാഗം ജീവനക്കാരനായി ജോലി ചെയ്തുവരികയായിരുന്നു ജിതിൻ. എന്നാൽ കോവിഡ് കാലത്ത് ജോലി നഷ്‌ടപ്പെട്ടതോടെ പുതിയ തൊഴിൽ അന്വേഷണത്തിലായിരുന്നു ജിതിൻ. എന്നാൽ ജോലി നഷ്ടപ്പെട്ടതോടെ 2024 മാർച്ചിൽ ഇദ്ദേഹത്തിൻ്റെ വിസാ കാലാവധിയും അവസാനിച്ചു. പിന്നീട് ഏപ്രിൽ മുതലാണ് ജിതിനെക്കുറിച്ച് വിവരമില്ലാതായതെന്നാണ് അമ്മ ശോഭ വ്യക്തമാക്കിയത്.
വിസ കാലാവധി കഴിഞ്ഞതിനാൽ അനധികൃതമായി താമസിച്ചതിന്റെ പേരിൽ ജിതിൻ പോലീസ് കസ്റ്റഡിയിലായോ എന്ന ആശങ്കയും കുടുംബത്തിനുണ്ട്. ഇതോടെ തന്റെ മകനെ കണ്ടെത്താൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ ഓഫീസുകൾ കയറിയിറങ്ങുകയാണ് ശോഭയും കുടുംബവും. നോർക്ക ഓഫീസിലും ശശി തരൂർ എം.പിക്കും ഉൾപ്പെടെ കുടുംബം പരാതിയും നൽകിയിട്ടുണ്ട്.