മുംബൈ നഗരത്തിന്റെ വികസനകുതിപ്പിന് പുത്തൻ പാതയൊരുക്കി ഇന്ത്യയിലെ ഏറ്റവും വലിയ കടൽപാലം പ്രധാമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ശിവ്‌രി– നാവസേവ ട്രാൻസ്ഹാർബർ ലിങ്ക് എന്ന് പേരിട്ടിരിക്കുന്ന പാലം മുംബൈ രാജ്യാന്തര എയർപോർട്ട്, നവി മുംബൈ രാജ്യാന്തര എയർപോർട്ട് എന്നിവടങ്ങളിലേക്കു വേഗത്തിൽ ഇനിമുതൽ യാത്ര സാധ്യമാകും.
മുംബൈയിൽ നിന്ന് ദക്ഷിണേന്ത്യയിലേക്കും പുണെ, ഗോവയിലേക്കുമുള്ള യാത്രാ സമയവും ഇതോടെ കുറയും. അതേസമയം 22 കിലോമീറ്റർ നീളമുള്ള പാലത്തിന് മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‍പേയുടെ സ്മരണാർഥം അടൽ സേതു എന്നാണു പേരിട്ടിരിക്കുന്നത്. രാജ്യത്തെ ഏറ്റവും നീളമേറിയ ഈ പാലം 17,843 കോടി രൂപ ചെലവിട്ടാണ് നിർമിച്ചിരിക്കുന്നത്.
ഈ പാലത്തിന്റെ വരവോടെ മുംബൈയ്ക്കും നവിമുംബൈയ്ക്കും ഇടയിലുള്ള യാത്രാസമയം ഒന്നര മണിക്കൂറിൽ നിന്ന് 20 മിനിറ്റായി കുറയ്ക്കുമെന്നതാണു നേട്ടം. ഒപ്പം, നവിമുംബൈയുടെ ഒരു ഭാഗം ഉൾപ്പെടുന്ന റായ്ഗഡ് ജില്ലയിലെ വികസനക്കുതിപ്പിന് പാലം വഴി തുറക്കുകയും ചെയ്യും. 2016ൽ പ്രധാനമന്ത്രി നരേന്ദമോദിയായിരുന്നു കടൽപാലത്തിന്റെ തറക്കല്ലിട്ടത്. ശിവ്‌രി–നാവസേവ കടൽപാലത്തിന്റെ രണ്ട് അറ്റങ്ങളിലും നിന്ന് നഗരത്തിന്റെ മറ്റു മേഖലകളെ ബന്ധിപ്പിക്കുന്ന മൂന്നു ഉപപാതകൾ കൂടി വരും വർഷങ്ങളിൽ യാഥാർഥ്യമാകുമെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.