ഒമാനിലെ യാത്രക്കാർക്ക് ആശ്വാസമായി മുവാസലാത്ത് മസ്കറ്റ്-അബൂദബി ബസ് സർവിസിന് തുടക്കമായി. അൽഐൻ വഴി സഞ്ചരിച്ച് അബൂദാബിയിൽ എത്തിച്ചേരുന്ന രീതിയിലാണ് റൂട്ടുകൾ സജ്ജീകരിച്ചിരിക്കുന്നത്. 11.5 റിയാലാണ് വൺവേ ടിക്കറ്റ് നിരക്ക്. യാത്രക്കാർക്ക് 23 കിലോഗ്രാം ലഗേജും ഏഴ് കിലോ ഹാൻഡ് ബാഗേജും യാത്രയിൽ അനുവദിക്കും.
രാവിലെ 6.30ന് അസൈബ ബസ് സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്ന ബസ് 11 മണിക്ക് ബുറൈമിയിലും ഉച്ചക്ക് ഒന്നിന് അൽ ഐനിലും 3.40ന് അബൂദബി ബസ് സ്റ്റേഷനിലും എത്തിച്ചേരുന്ന തരത്തിലാണ് സർവീസ്. അബൂദാബിയിൽ നിന്ന് രാവിലെ 10.40ന് പുറപ്പെടുന്ന ബസ് രാത്രി 8.35ന് മസ്കറ്റിൽ എത്തും. എന്നാൽ ദുബായിലേക്ക് ഇതുവരെ മുവാസലാത്ത് സർവിസ് ആരംഭിച്ചിട്ടില്ല. അതേസമയം മുവാസലാത്തിന്റെ യുഎഇ സർവിസുകൾ പുനരാരംഭിച്ചത് യാത്രാദുരിതം ഒഴിവാക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തുന്നത്. ഇതോടെ ഈ സെക്ടറിലെ ബസുകളിലെ തിരക്ക് കുറയുകയും യാത്രാദുരിതം ഒരു പരിധിവരെ ശമിക്കുകയും ചെയ്യും. നിലവിൽ മസ്കറ്റിൽ നിന്ന് ബസുകളിൽ യുഎഇയിലേക്ക് പോവുന്നവരും തിരിച്ച് യാത്ര ചെയ്യുന്നവരും ടിക്കറ്റ് ലഭിക്കാത്തതിനാൽ വലിയ പ്രയാസമാണ് നേരിടുന്നത്.
ഇപ്പോൾ മസ്കറ്റിൽ നിന്ന് യുഎഇയിലേക്ക് സ്വകാര്യ ബസ് സർവിസ് നടത്തുന്നുണ്ട്. നിലവിൽ ദിവസവും മൂന്ന് സർവിസുകളാണ് ഈ കമ്പനി നടത്തിവരുന്നത്. റൂവിയിൽ നിന്ന് രാവിലെ ആറ്, ഉച്ചക്ക് 2.30, രാത്രി ഒമ്പത് എന്നിങ്ങനെയാണ് സ്വകാര്യ ബസ് കമ്പനിയുടെ സമയം ക്രമീകരിച്ചിരിക്കുന്നത്. എന്നാൽ, തിരക്ക് കാരണം പലപ്പോഴും നാലും അഞ്ചും ദിവസം കഴിഞ്ഞാണ് ടിക്കറ്റ് ലഭിക്കുന്നത്. ഇത് മസ്കറ്റിൽ നിന്നുള്ള യാത്രക്കാർക്ക് വലിയ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. പലരും യാത്രകൾ മാറ്റിവെക്കുകയോ വിമാനം വഴിയാക്കുകയോ ആണ് ചെയ്യുന്നത്. യുഎഇയിലേക്ക് കൂടുതൽ സർവിസ് നടത്തണമെന്നും ദുബായ് സർവിസുകൾ പുനരാരംഭിക്കണമെന്നും യാത്രക്കാരും ട്രാവൽ ഏജൻസികളും ആവശ്യപ്പെടുന്നുണ്ട്.