പൊതുസ്ഥലങ്ങളിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിക്കാനൊരുങ്ങി മസ്‌കറ്റ് മുനിസിപ്പാലിറ്റി. ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾക്ക് പിഴ ചുമത്തുന്നത് ഉൾപ്പടെയുള്ള നിയമനടപടികൾ സ്വീകരിക്കുമെന്നും പൊതുസ്ഥലങ്ങളിൽ വാഹനങ്ങൾ ഉപേക്ഷിക്കുന്നത് നിരോധിച്ചതായും അധികൃതർ വ്യക്തമാക്കി.
ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളിൽ ചെറുജീവികൾ, പ്രാണികൾ, കൊതുക് മുതലായവ പെരുകുകയും ഇവ പകർച്ചവ്യാധികൾ ഉൾപ്പെടെയുള്ള ആരോഗ്യപരമായ ദൂഷ്യവശങ്ങളിലേയ്ക്ക് നയിക്കുകയും ചെയ്യും. കൂടാതെ പൊതുസ്ഥലങ്ങൾ മലിനമാകുന്നതിനും ഇത് കാരണമാകും. ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ നശിക്കുമ്പോൾ ഉണ്ടാകുന്ന ഓയിൽ ചോർച്ച, ഇന്ധന ചോർച്ച എന്നിവ പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും മുനിസിപ്പാലിറ്റി ചൂണ്ടിക്കാട്ടി.
ഇതോടൊപ്പം ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ ഉൾപ്പെടെയുള്ളവ കൂടിക്കിടക്കുന്ന സ്ഥലങ്ങളിൽ റിയൽ എസ്റ്റേറ്റ് മൂല്യം കുറയുമെന്നും ഇവ ശുചിയാക്കുന്നതിന് മുനിസിപ്പാലിറ്റി അധികബാധ്യതകൾ വഹിക്കേണ്ടിവരുന്നതായും അധികൃതർ വ്യക്തമാക്കി.