മസ്കത്ത് രാജ്യാന്തര പുസ്തക മേളയുടെ 28-ാമത് എഡിഷന് ഫെബ്രുവരി 21ന് തുടക്കമാകും. ഒമാൻ കൺവെൻഷൻ ആന്റ് എക്സിബിഷൻ സെൻ്ററിൽ വെച്ച് മാർച്ച് രണ്ട് വരെയാണ് എക്സിബിഷൻ നടക്കുകയെന്ന് സംഘാടക സമിതി അധികൃതർ വ്യക്തമാക്കി. സാംസ്കാരിക, പുസ്തക പ്രസിദ്ധീകരണ രംഗത്ത് ആർട്ടിഫിഷൽ ഇന്റലിജൻ്റ്സിന്റെ സ്വാധീനം എന്ന സന്ദേശത്തോടെയാണ് ഇത്തവണ മേള സംഘടിപ്പിക്കുന്നത്.
ദാഹിറ ഗവർണറേറ്റാണ് ഈ വർഷത്തെ മേളയിലെ പ്രധാന അതിഥി. 34 രാജ്യങ്ങളിൽ നിന്നുള്ള 847 പ്രസാധകരാണ് എക്സിബിഷനിൽ പങ്കെടുക്കുക. ലോക ഭാഷകളിൽ നിന്നുള്ള 6,22,000 പുസ്തകങ്ങൾ ഇവിടെ ലഭ്യമാക്കും. ഇതിൽ 20,000 പുസ്തകങ്ങൾ ഇംഗ്ലീഷിലും 2,68,000 പുസ്തകങ്ങൾ അറബിയിലുമായിരിക്കുമെന്ന് സംഘാടകർ വ്യക്തമാക്കി.
ഇത്തവണത്തെ പുസ്തക മേളയിലെ ഏറ്റവും കൂടുതൽ പുസ്തകങ്ങളും പ്രസാധകരും എത്തുന്നത് ഈജിപ്തിൽ നിന്നാണ്. രണ്ടാം സ്ഥാനത്താണ് ഒമാനാണ്. എക്സിബിഷൻ നടക്കുന്ന സ്ഥലത്ത് മുതിർന്നവർക്കും കുട്ടികൾക്കും പ്രത്യേക കോർണറുകളും ഒരുക്കും. കൂടാതെ സന്ദർശകർക്കായി 3ഡി മാപ്പുകളും വഴി കാണിക്കാൻ ആർട്ടിഫിഷൽ ഇന്റലിജന്റ്സ് ഉപയോഗിച്ചുള്ള റോബോർട്ടുകളും ഉണ്ടാകുമെന്നും അധികൃതർ അറിയിച്ചു.