കെട്ടിട നിർമ്മാണ മേഖലയിൽ ജോലി ചെയ്യുന്നവരുടെ സുരക്ഷയുമായി ബന്ധപ്പെട്ട് ബോധവത്കരണ പരിപാടി ആരംഭിച്ച് ദുബായ് മുനിസിപ്പാലിറ്റി. കെട്ടിടനിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലങ്ങളിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായാണ് പ്രചാരണ പരിപാടി നടത്തുന്നത്.
ജോലി ചെയ്യുന്ന സമയത്ത് തൊഴിലാളികൾക്ക് തൊഴിലുടമകൾ ആവശ്യമായ സുരക്ഷാ സംവിധാനങ്ങളും അടിസ്ഥാന സൗകര്യങ്ങളും നൽകണമെന്നും നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. ജോലിക്കിടെയുണ്ടാകുന്ന പരിക്കുകളും അപകടങ്ങളും ഒഴിവാക്കുകയാണ് ഈ പ്രചാരണ പരിപാടിയിലൂടെ ലക്ഷ്യമിടുന്നതെന്നും വരും ദിവസങ്ങളിലും ബോധവത്കരണ പരിപാടി തുടരുമെന്നും മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥർ അറിയിച്ചു.
ദുബായിലെ കെട്ടിടനിർമ്മാണ മേഖലയിൽ പ്രവർത്തിക്കുന്ന തൊഴിലാളികൾ, എൻജിനീയർമാർ, സൂപ്പർവൈസർമാർ, കൺസൾട്ടന്റ്സ് എന്നിവരെയും കോൺട്രാക്റ്റിംഗ് – എൻജിനീയറിങ്ങ് സ്ഥാപനങ്ങളെയും ഉൾപ്പെടുത്തിയാണ് മുനിസിപ്പാലിറ്റി പ്രചാരണ പരിപാടിയിൽ നടത്തുന്നത്.