ഇസ്ലാമിക കലണ്ടര്‍ പ്രകാരം പുതുവര്‍ഷത്തെ വരവേല്‍ക്കാനുളള തയ്യാറെടുപ്പിലാണ് അറേബ്യന്‍ രാജ്യങ്ങൾ. മുഹറം പത്തിനോട് അനുബന്ധിച്ച് വര്‍ഷാരംഭത്തിലെ നോമ്പ് ആചരിക്കാന്‍ വിശ്വാസികളും ഒരുങ്ങിക്കഴിഞ്ഞു. തയ്യാറെടുപ്പുകളുടേയും ഭാഗമായി ജൂലൈ 30 ശനിയാഴ്ച സ്വകാര്യ മേഖലയിലെ എല്ലാ വിഭാഗം ജീവനക്കാര്‍ക്കും അവധിയായിരിക്കുമെന്ന് മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം.
സര്‍ക്കാര്‍ മേഖലയിലേയും സ്വകാര്യമേഖലയിലേയും അവധി ദിവസങ്ങൾ ഏകീകരിക്കുന്നതിന്‍റെ ഭാഗമായാണ് പ്രഖ്യാപനം. ശമ്പളത്തോട് കൂടിയ അവധിയായിരിക്കുമെന്നും മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു. പൊതു-സ്വകാര്യ മേഖലയിലെ ഔദ്യോഗിക അവധി ദിവസങ്ങള്‍ ഏകീകരിക്കണമെന്ന് നേരത്തെ യുഇഎ ക്യാബിനറ്റ് തീരുമാനമെടുത്തിരുന്നു.
ഹിജ്റ കലണ്ടര്‍ പ്രകാരം പുതുവര്‍ഷം ആരംഭിക്കുന്നത് മുഹറം ഒന്നിനാണ്. മുഹറം ഒന്ന് ഇത്തവണ ജൂലൈ 30നായിരിക്കുമെന്ന് ജ്യോതിശാസ്തവിദഗ്ദ്ധരും വ്യക്തമാക്കിയിട്ടുണ്ട്. ഹിജ്റ 1443-ാമത് വര്‍ഷം പൂര്‍ത്തിയാക്കി 1444 -മത് വര്‍ഷമാണ് ആരംഭിക്കുക.
ഇതോടെ യുഎഇയില്‍ശനിയാഴ്ച പ്രവൃത്തിദിനമായ സ്ഥാപനങ്ങളിൽ ഞായറാഴ്ചയടക്കം രണ്ടു ദിവസത്തെ വാരാന്ത്യ അവധിയായിരിക്കും ലഭ്യമാവുക. അതേസമയം കുവൈത്തിലും ഒമാനിലും പൊതുമേഖലയ്ക്ക് ജൂലൈ 31 ഞായറാഴ്ച അവധിയായിരിക്കുമെന്നും ഔദ്യോഗിക അറിയിപ്പുണ്ട്.
എന്താണ് മുഹറം ?
ഹിജ്റ കലണ്ടറിലെ ആദ്യമാസം. ഇസ്ലാമിക ചരിത്രത്തിൽ ഒട്ടേറെ സുപ്രധാന സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച മാസമാണ് മുഹറം. . മുഹറത്തിന്‍റെ ആദ്യ പത്ത് ദിവസം നോമ്പ് എടുത്താല്‍ റമസാനിലെ മുപ്പത് നോമ്പിന് സമാനമാകുമെന്നാണ് വിശ്വാസം. മുഹറം 9, 10 ദിവസങ്ങൾക്ക് പ്രത്യേക പ്രാധാന്യമുണ്ട്. വിലക്കപ്പെട്ടത് എന്നാണ് മുഹറം എന്ന വാക്കിന്‍റെ അർത്ഥം. ഇസ്ലാമിക നിയമമനുസരിച്ച് യുദ്ധം നിരോധിക്കപ്പെട്ട നാലുമാസങ്ങളില്‍ ഒന്നാണ് മുഹറം എന്ന പ്രത്യേകതയുമുണ്ട്. പ്രാര്‍ത്ഥനകൾക്കൊപ്പം പരസ്പരം ആശംസകൾ നേരാനും ഇസ്ളാമിന് വേണ്ടി ജീവത്യാഗം ചെയ്തവരെ സ്മരിക്കാനും സ്നേഹത്തിലേക്കും നന്‍മയിലേക്കും മനുഷ്യനെ നയിക്കാനുമുളള വിളംബരമായും മുഹറത്തെ കണക്കാക്കുന്നു.