ഇനി യാത്രക്ക് മുന്നോടിയായി ചെക്ക്-ഇൻ ചെയ്യാൻ മണിക്കൂറുകൾക്ക് മുമ്പ് വിമാനത്താവളത്തിൽ എത്തേണ്ട ആവശ്യമില്ല. വീടുകളിൽ നിന്ന് തന്നെ ചെക് ഇൻ നടപടികൾ പൂർത്തീകരിക്കാൻ സാധിക്കും. യാത്രക്കാരുടെ സൗകര്യാർത്ഥം അബുദാബിയിൽ ‘ഹോം ചെക്ക്-ഇൻ’ ആരംഭിച്ചിരിക്കുകയാണ് മൊറാഫിക് ഏവിയേഷൻ. വീടുകളിൽ നിന്നുതന്നെ ബാഗുകൾ നൽകി ബോർഡിങ് കാർഡ് സ്വീകരിക്കാവുന്ന രീതിയിലാണ് സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. തുടക്കത്തിൽ ഇത്തിഹാദ് യാത്രക്കാർക്കാണ് സേവനം ലഭ്യമാകുക. വൈകാതെ മറ്റ് വിമാനങ്ങളിലും സൗകര്യം ലഭ്യമാക്കുമെന്ന് അധികൃതർ അറിയിച്ചു.
യാത്ര ആരംഭിക്കുന്ന സമയത്തിന്റെ അഞ്ച് മണിക്കൂർ മുമ്പ് മുതൽ 24 മണിക്കൂർ മുമ്പ് വരെ സേവനം ലഭ്യമാണ്. യാത്രക്കാരന് സൗകര്യപ്രദമായ സമയം തീരുമാനിച്ച് ആൻഡ്രോയിഡിലും ഐ.ഒ.എസിലും ലഭിക്കുന്ന മൊറാഫിക് ആപ്ലിക്കേഷൻ വഴി മുൻകൂട്ടി ബുക്ക് ചെയ്യാൻ സാധിക്കും. മൊറാഫിക് ഏവിയേഷന്റെയും ഇത്തിഹാദ് ഗ്രൗണ്ട് സർവീസിന്റെയും ജീവനക്കാർ വീടുകളിൽ എത്തി ചെക്ക്-ഇൻ സേവനം നൽകുകയും യാത്രക്കാരുടെ ബാഗുകൾ സുരക്ഷിതമായി അബുദാബി വിമാനത്താവളത്തിൽ എത്തിക്കുകയും ചെയ്യും.
ബാഗുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് നിരക്ക്. രണ്ട് ബാഗുകൾ വരെ ചെക്ക്-ഇൻ ചെയ്യുന്നതിന് 185 ദിർഹവും മൂന്ന് മുതൽ നാല് ബാഗുകൾക്ക് 220 ദിർഹവും അഞ്ച് മുതൽ ആറ് ബാഗുകൾക്ക് 280 ദിർഹവും ഏഴ് മുതൽ എട്ട് ബാഗുകൾക്ക് 340 ദിർഹവുമാണ് ഈടാക്കുക.