വടക്കേ ആഫ്രിക്കന്‍ രാജ്യമായ മൊറോക്കോയിൽ ഇന്നലെ ഉണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം ആയിരം കടന്നു. ഭൂചലനത്തില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 1,073 ആയെന്നാണ് റിപ്പോർട്ട്. ആറായിരത്തിലധികം പേര്‍ക്കാണ് ദുരന്തത്തില്‍ പരുക്കേറ്റത്. വെള്ളിയാഴ്ച രാത്രിയാണ് റിക്ടര്‍ സ്കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്.
വിനോദ സഞ്ചാരകേന്ദ്രമായ മരാകേച്ചിലും ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിന് സമീപമുള്ള മറ്റ് അഞ്ച് പ്രവിശ്യകളിലുമായാണ് ഏറ്റവും കൂടുതല്‍ പേര് മരിച്ചത് എന്നാണ് കണക്ക്. കൂടാതെ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന എഴുന്നൂറിലധികം പേരുടെ നില ഗുരുതരമാണെന്ന് മൊറോക്കന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അല്‍-ഹൗസ്, തരൂഡന്റ് പ്രവിശ്യകളിലാണ് കൂടുതൽ നാശനഷ്ടങ്ങൾ സംഭവിച്ചത്.
അതേസമയം ആറ് പതിറ്റാണ്ടിനിടെ രാജ്യം നേരിടുന്ന ഏറ്റവും വലിയ ദുരന്തമാണിത്. കൂടാതെ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മൊറോക്കോയിലേക്ക് മെഡിക്കല്‍ സഹായങ്ങള്‍ ചെയ്യാന്‍ വ്യോമമേഖല തുറന്നുനല്‍കുമെന്ന് അള്‍ജീരിയ പ്രഖ്യാപിച്ചു. കഴിഞ്ഞ വര്‍ഷം മൊറോക്കോയുമായി വിച്ഛേദിച്ച ബന്ധമാണ് അള്‍ജീരിയ ഇപ്പോൾ പുനഃസ്ഥാപിക്കുന്നത്. മറ്റ് വിവിധ രാജ്യങ്ങളും സഹായവുമായി മുന്നോട്ട് വന്നിട്ടുണ്ട്.