ലോകം മുഴുവൻ അൽ ബയ്ത്ത് സ്റ്റേഡിയത്തിലേക്ക് ചുരുങ്ങിയ രാത്രി….ഖത്തർ ലോകകപ്പിന് തിരിതെളിഞ്ഞ നേരം…. ഖത്തറിന്റെ സാംസ്കാരിക മൂല്യങ്ങളും തനിമയും നിറഞ്ഞാടിയ ലോകകപ്പ് ഉദ്ഘാടന വോദിയിൽ ഹോളിവുഡ് നടൻ മോർഗൻ ഫ്രീമാനൊപ്പം വേദിയിലെത്തിയ ഒരാൾ ലോകശ്രദ്ധ പിടിച്ചുപറ്റി. തൂവെള്ള കുപ്പായണിഞ്ഞ ഒരു ചെറിയ വലിയ മനുഷ്യൻ ആരാണ്,അയാൾ ലോകത്തിന് നൽകിയ സന്ദേശമെന്താണ്?
ഖത്തർ ലോകകപ്പിന്റെ അംബസാഡർ ഗാനീം അൽ മുഫ്താഹാണ് മോര്ഗന് ഫ്രീമാനൊപ്പം വേദി പങ്കിട്ടത്. ഒറ്റ നിമിഷം കൊണ്ട് ലോകത്തിന്റെയാകെ ശ്രദ്ധ നേടി ആ ഇരുപതുകാരൻ. വംശവെറിക്കും, മതഭ്രാന്തിനും, യൂറോപ്പിന്റെ എതിർപ്പിനും, പരിഹാസങ്ങൾക്കുമെല്ലാം മറുപടിയായിരുന്നു ആ വേദി പങ്കിടൽ.
നട്ടെല്ലിന്റെ വളർച്ച ഇല്ലാതാക്കുന്ന കോഡൽ റിഗ്രെഷൻ സിൻഡ്രോം എന്ന അപൂർവ രോഗം ബാധിച്ച വ്യക്തിയാണ് മുഫ്താഹ്. എന്നാൽ രോഗത്തോട് പോരാടി സംരംഭകനായും സേഷ്യൽ മീഡിയ ഇൻഫ്ലുവൻസറായുമെല്ലാം തലയുയർത്തി ലോകകപ്പ് വേദിയിലെത്തിയിരിക്കുകയാണ് ഈ ചെറുപ്പക്കാരൻ. ഗൾഫ് മേഖലയിലെ ഏറ്റവും ഉയരം കൂടിയ ജെബൽ ഷാംസ് കീഴടക്കിയ മുഫ്തയ്ക്ക് എവറസ്റ്റിന് മുകളിലെത്തണമെന്നാണ് മോഹം. ഉയരങ്ങൾ കീഴടക്കാനുള്ള മോഹങ്ങൾക്ക് മുന്നിൽ ഈ ഉയരക്കുറവ് ഒരു തടസ്സമേ അല്ലെന്ന് ബോധ്യപ്പെടുത്താനാണ് കാൽപന്ത് മാമാങ്കത്തിൻ്റെ അംബാസഡറായി മുഫ്താഹിനെ തെരഞ്ഞെടുത്തത്.