2023-ൽ യാത്രക്കാരുടെ എണ്ണത്തിൽ ചരിത്രനേട്ടം കൈവരിച്ച് ദുബായിലെ ഹത്ത അതിർത്തി. ഹത്ത അതിർത്തിയിലൂടെ കഴിഞ്ഞവർഷം കടന്നുപോയത് 40 ലക്ഷം സഞ്ചാരികളാണെന്നാണ് ദുബായ് ജനറൽ ഡയറക്‌ടറേറ്റ് ഓഫ് റെസിഡൻസി ആന്റ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജി.ഡി.ആർ.എഫ്.എ) അറിയിച്ചത്. ചരിത്രത്തിലാദ്യമായാണ് ഇത്രയും പേർ അതിർത്തി പ്രദേശത്തുകൂടി യാത്ര ചെയ്യുന്നത്.
മികച്ച വിനോദസഞ്ചാര വാണിജ്യ കേന്ദ്രമാക്കി ഹത്തയെ മാറ്റാനുള്ള ദുബായ് സർക്കാരിൻ്റെ ശ്രമമാണ് ഈ വളർച്ചയ്ക്ക് പിന്നിലെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ വർഷം അതിർത്തിയിൽ വലിയ വാഹനങ്ങളുടെയും വാണിജ്യ ടാങ്കറുകളുടെയും എണ്ണത്തിലുണ്ടായ വർധനവ് യുഎഇയും ഒമാനും തമ്മിലുള്ള ബന്ധം സുഗമമാക്കുന്നതിനും ഗതാഗത സംവിധാനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും കാരണമായെന്നും വരുവർഷങ്ങളിലും സഞ്ചാരികളുടെ എണ്ണത്തിൽ വർധനവുണ്ടാകുമെന്നും ജി.ഡി.ആർ.എഫ്.എ അധികൃതർ അറിയിച്ചു.
കൂടാതെ ലാന്റ് പോർട്ട് പാസ്പോർട്ട് കൺട്രോൾ ഡിപ്പാർട്ട്മെന്റ് അതിന്റെ വികസനപദ്ധതികൾ നടപ്പാക്കുന്നത് തുടരുമെന്ന് സീ പോർട്ട് അഫയേഴ്സ് അസിസ്റ്റൻ്റ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ഡോ. ഒമർ അലി അൽ ഷംസി പറഞ്ഞു.