ജീവനക്കാർക്ക് നിശ്ചിത സമയത്തിനുള്ളിൽ ശമ്പളം നൽകാത്ത കമ്പനികൾക്കെതിരെ ശക്തമായ നടപടിക്കൊരുങ്ങി യുഎഇ. ഇത്തരത്തിലുള്ള ചെറുകിട, ഇടത്തരം കമ്പനികളുടെ ലൈസൻസ് റദ്ദാക്കുമെന്നാണ് മാനവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം വ്യക്തമാക്കിയത്.
വിവിധ നിയമലംഘനങ്ങൾ നടത്തുന്ന സ്ഥാപനങ്ങളുടെയും ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നാണ് അധികൃതർ മുന്നറിയിപ്പ് നൽകിയത്. തൊഴിലാളികളുടെ ശമ്പളം ധനകാര്യ സ്ഥാപനങ്ങൾ വഴി നൽകുന്ന വേതന സുരക്ഷാ പദ്ധതി നടപ്പാക്കാതിരിക്കുക, സ്പോൺസറുടെ കീഴിലല്ലാതെ തൊഴിലാളികളെ മറ്റിടങ്ങളിൽ ജോലി ചെയ്യിപ്പിക്കുക, 50 ജീവനക്കാരിൽ കൂടുതലുള്ള കമ്പനിയിൽ സ്വദേശി മാനേജർ ഇല്ലാതിരിക്കുക എന്നീ നിയമലംഘനങ്ങൾ നടത്തുന്നവർക്കെതിരെയാണ് നടപടി സ്വീകരിക്കുക.
അതോടൊപ്പം മന്ത്രാലയത്തെയോ ബന്ധപ്പെട്ട വകുപ്പിനെയോ അറിയിക്കാതെ സ്ഥാപനം വിൽക്കുകയോ നടത്തിപ്പ് കൈമാറുകയോ ചെയ്യുന്ന സ്ഥാപനങ്ങളുടെ ലൈസൻസും റദ്ദാക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.