അബുദാബി ലുലു ഹൈപ്പർ മാർക്കറ്റിൽ നിന്ന് ഒന്നര കോടി രൂപയുമായി മുങ്ങിയ ജീവനക്കാരൻ കണ്ണൂർ നാറാത്ത് സുഹറ മൻസിലിൽ പൊയ്യക്കൽ പുതിയ പുരയിൽ മുഹമ്മദ് നിയാസ് (38) അറസ്റ്റിൽ. അബുദാബി പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അബുദാബി ഖാലിദിയ മാളിലെ ലുലു ഹൈപ്പർ മാർക്കറ്റ് ക്യാഷ് ഓഫീസ് ഇൻ ചാർജായി ജോലി ചെയ്തുവരികയായിരുന്നു മുഹമ്മദ് നിയാസ്.
ഇക്കഴിഞ്ഞ മാർച്ച് 25ന് ഉ ഡ്യൂട്ടിക്ക് എത്തേണ്ടിയിരുന്ന നിയാസ് എത്താതായതോടെ ഹൈപ്പർ മാർക്കറ്റ് അധികൃതർ മൊബൈലിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അത് സ്വിച്ച്ഡ് ഓഫായിരുന്നു. ഇതോടെ സംശയം തോന്നിയ അധികൃതർ നടത്തിയ പരിശോധനയിൽ ഓഫീസിൽ 6 ലക്ഷം ദിർഹത്തിൻ്റെ കുറവ് കണ്ടെത്തുകയായിരുന്നു. ഇതോടെ പൊലീസിൽ പരാതി നൽകുകയും ചെയ്തു. കഴിഞ്ഞ 15 വർഷമായി ലുലു ഗ്രൂപ്പിൽ ജോലി ചെയ്തുവരികയായിരുന്നു നിയാസ്. ക്യാഷ് ഓഫീസിൽ ജോലി ചെയ്യുന്നതിനാൽ നിയാസിന്റെ പാസ്പോർട്ട് കമ്പനിയാണ് സൂക്ഷിക്കുന്നത്. അതുകൊണ്ടുതന്നെ നിയാസ് യുഎഇ വിടാൻ സാധ്യതയില്ലായിരുന്നു.
ഇതുസംബന്ധിച്ച് ലുലു ഗ്രൂപ്പ് അബുദാബി പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് ഉടൻ തന്നെ അന്വേഷണം ആരംഭിക്കുകയും വിവരങ്ങൾ ശേഖരിക്കുകയും ചെയ്തതോടെ പ്രതിയെ റെക്കോർഡ് സമയത്തിനുള്ളിൽ അറസ്റ്റ് ചെയ്യാൻ സാധിച്ചു. കൂടുതൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു. എംബസി മുഖേന നിയാസിനെതിരെ കേരള പൊലീസിലും ലുലു ഗ്രൂപ്പ് പരാതി നൽകിയിരുന്നു.