ജി 7 ഉച്ചകോടിയ്ക്ക് ശേഷം യുഎഇയിലെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രിയ്ക്ക് ലഭ്യമായത് ഊഷ്മള സ്വീകരണം. അബുദാബി വിമാനത്താവളത്തിലെത്തിയെ നരേന്ദ്രമോദിയെ യുഎഇ പ്രസിഡന്‍റേ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നെഹ്യാന്‍ നേരിട്ടെത്തി സ്വീകരിച്ചു. ഊഷ്മളമായ ആംലിഗനത്തോടെയാണ് ഇരു നേതാക്കളും സൗഹൃദം പങ്കുവെച്ചത്.
യുഎഇ പ്രസിഡന്‍റും മറ്റ് രാജ കുടുംബാംഗങ്ങളുമായി മോദി കൂടിക്കാഴ്ച നടത്തി.
മുന്‍ പ്രസിഡന്‍റ് ശൈഖ് ഖൈലീഫയുടെ വിയോഗത്തില്‍ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി. പുതിയ പ്രസിഡന്‍റിനുളള ആശംസയും മോദി അറിയിച്ചു. ഷെയ്ഖ് തഹ്നൂം, ഷെയ്ഖ് മൻസൂർ, ഷെയ്ഖ് ഹമദ്, ഷെയ്ഖ് അബ്ദുല്ല തുടങ്ങിയവരും കൂടിക്കാഴ്ചയില്‍ സന്നിഹിതരായിരുന്നു.
ഇന്ത്യ – യുഎഇ ബന്ധം കൂടുതല്‍ ദൃഢമായി മുന്നോട്ട് കൊണ്ടുപോകാനുളള താത്പര്യം ഇരുേനതാക്കളും പങ്കുവച്ചു. തന്നെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തിയ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നെഹ്യാന്‍റെ പ്രവര്‍ത്തി ഏറ്റവും ഹൃദ്യമായിരുന്നെന്ന് മോദി ട്വിറ്ററില്‍ കുറിച്ചു. യുഎഇ പ്രസിഡന്‍റിനെ സഹോദരന്‍ എന്നാണ് മോദി ട്വിറ്ററില്‍ അഭിസംബോധന ചെയ്തത്. ഒന്നര മണിക്കൂറാണ് മോദി യുഎഇയില്‍ ചിലവഴിച്ചത്.